അബ്കാരി കേസ്: ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു

കൽപ്പറ്റ: അനുമതിയില്ലാതെ അനുവദനീയമായതിൽ കൂടുതൽ വിദേശമദ്യം സൂക്ഷിച്ചെന്ന അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ (Anto Augustine) 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻ ബത്തേരി കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ നാളെ ഉച്ചയ്ക്ക് 12 മണി വരെയാണ് കസ്റ്റഡി. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് കസ്റ്റഡി ആവശ്യപ്പെട്ടത്. ആന്റോയുടെ വീട്ടിൽനിന്ന് പിടികൂടിയ അനുവദനീയ പരിധിയിൽ കവിഞ്ഞ മദ്യത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. മദ്യം എവിടെനിന്നാണ് എത്തിച്ചതെന്നും വിമാനത്താവളം വഴിയോ സീപോർട്ട് വഴിയോ കടത്തിക്കൊണ്ടുവന്നതാണോയെന്നും പരിശോധിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

 

മാഹിയിൽനിന്ന് ഒരു ലിറ്റർ മദ്യം കടത്തിക്കൊണ്ടുവരുന്നതുപോലും നിയമവിരുദ്ധമാണെന്നും പിടികൂടിയ ആൽക്കഹോൾ അടങ്ങിയ പാനീയം എവിടെയാണ് നിർമിച്ചതെന്നതടക്കം അന്വേഷിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ 43.85 ലിറ്റർ മദ്യം കൈവശം വച്ചതിന് പരമാവധി 5,000 രൂപ പിഴയും തടവുമാണ് ലഭിക്കുകയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മദ്യം പിടികൂടുമ്പോൾ ആന്റോ സ്ഥലത്തുണ്ടായിരുന്നില്ലെന്നും തന്റെ കൈവശമില്ലാത്ത വസ്തുക്കൾക്ക് എങ്ങനെ ഉത്തരവാദിയാകുമെന്നും പ്രതിഭാഗം ചോദിച്ചു. മദ്യം പിടികൂടിയ വീടിന്റെ ഉടമസ്ഥാവകാശം ഭാര്യാമാതാവിന്റെ പേരിലാണെന്നും പ്രതിഭാഗം വാദിച്ചു.

 

അതേസമയം, കെട്ടിടവുമായി ബന്ധപ്പെട്ട നികുതി രേഖകൾ ആന്റോയുടെ പേരിലാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മദ്യം കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമസ്ഥതയും കൈവശാവകാശവും സംബന്ധിച്ച തർക്കവും കേസിൽ ഉയർന്നിട്ടുണ്ട്.എക്സൈസ് ആവശ്യപ്പെട്ട നാല് ദിവസത്തെ കസ്റ്റഡിക്കെതിരെയും പ്രതിഭാഗം കോടതിയിൽ നിലപാടെടുത്തു. ഒടുവിൽ കോടതി 24 മണിക്കൂർ കസ്റ്റഡിയാണ് അനുവദിച്ചത്.

 

അനുവദനീയമായ പരിധിയിൽ കൂടുതലായി മദ്യം സൂക്ഷിച്ചെന്ന കേസിൽ ആന്റോയ്‌ക്കെതിരെ കേരള അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വീട്ടിൽനിന്ന് വിദേശമദ്യം, വൈൻ, മറ്റ് ആൽക്കഹോൾ അടങ്ങിയ ദ്രാവകങ്ങൾ ഉൾപ്പെടെ ഏകദേശം 67 ലിറ്റർ വിവിധ പാനീയങ്ങൾ പിടികൂടിയതായി എക്സൈസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആന്റോയുടെ ജാമ്യാപേക്ഷ സുൽത്താൻ ബത്തേരി കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയും ഇടക്കാല ജാമ്യം അനുവദിച്ചില്ല. കേസിന്റെ തുടർനടപടികൾ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് എക്സൈസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!