കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് കർശന ശിക്ഷ വിധിച്ച് കോടതി. നടവയൽ നെല്ലിയമ്പം കായക്കുന്ന് സ്വദേശി കീടക്കാട്ട് വീട്ടിൽ ഹാഷിക്ക് റഹ്മാനെയാണ് (28) കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (1) ജഡ്ജ് പി. സെയ്തലവി 25 വർഷം തടവിനും 1,10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. മീനങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഐ.പി.സി, പോക്സോ നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് വിധി.
2021, 2022 വർഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇയാളുടെ ക്രൂരമായ പീഡനത്തെ തുടർന്ന് കുട്ടി ഗർഭിണിയാവുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. അന്നത്തെ മീനങ്ങാടി ഇൻസ്പെക്ടർ എം. സനൽ രാജിന്റെ നേതൃത്വത്തിൽ കേസിന്റെ പ്രാഥമിക അന്വേഷണം നടക്കുന്നതിനിടെ പ്രതി വിദേശത്തേക്ക് കടന്നുകളഞ്ഞു. ഇതേത്തുടർന്ന് പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. തുടർന്ന് 2024-ൽ പ്രതി കരിപ്പൂർ വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോൾ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടുകയായിരുന്നു.
തുടർന്ന് മീനങ്ങാടി എസ്.എച്ച്.ഒ ആയിരുന്ന എ. സന്തോഷ് കുമാർ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ടി.ജി. മോഹൻദാസ് കോടതിയിൽ ഹാജരായി.
