മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം. പരുമ്പല്ലൂര്‍ സ്വദേശി അക്ഷയ് കൃഷ്ണന്‍ (19) ആണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകര്‍ന്നുവീണാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപത്തെ പുതുതായി നിർമിച്ച മൂന്നുനില കെട്ടിടത്തിലാണ് സ്ഥാപനത്തിന്റെ ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. സാധനങ്ങൾ എടുക്കാനായി ഗോഡൗണിലെത്തിയ അക്ഷയ്, ആവശ്യമായ സാധനം കണ്ടെത്താനാകാത്തതിനെ തുടർന്ന് കടയിലേക്ക് വിളിച്ചിരുന്നു.
തുടർന്ന് മറ്റൊരു ജീവനക്കാരൻ ഗോഡൗണിലെത്തിയപ്പോഴാണ് അക്ഷയ് നിലത്ത് വീണുകിടക്കുന്നത് കണ്ടത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
മൂന്നാം നിലയിൽ നിന്ന് ലിഫ്റ്റ് തകർന്നുവീഴുന്നതും അക്ഷയ് നിലത്തേക്ക് തെറിച്ചുവീഴുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു അക്ഷയ്. സഹോദരി അരുണിമ. സംസ്ക്‌കാരം ഇസ് വൈകിട്ട് നാലിന് നടക്കും.
