തളിപ്പറമ്പ്: പൂമംഗലത്ത് തനിച്ച് താമസിക്കുന്ന വയോധികയുടെ സ്വർണമാല കവർന്ന കേസിലെ പ്രതിയെ തളിപ്പറമ്പ് പോലീസ് പിടികൂടി. നീലഗിരി ഗൂഡല്ലൂർ സ്വദേശിയായ ഷിബിനാണ് പോലീസിന്റെ പിടിയിലായത്. പൂമംഗലം പറവളത്ത് ഒറ്റയ്ക്ക് താമസിക്കുന്ന കോളിയാടൻ കല്യാണിയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയാണ് കഴിഞ്ഞ ജൂലൈയിൽ പ്രതി കവർന്നത്. സമീപത്തെ വീട്ടിലേക്ക് എത്തിയതാണെന്ന വ്യാജേനയാണ് ഇയാൾ കല്യാണിയുടെ വീട്ടിലെത്തിയത്. അയൽവീട്ടിൽ ആരുമില്ലാത്തതിനാൽ കുടിക്കാൻ വെള്ളം വേണമെന്ന് ഇയാൾ വയോധികയോട് ആവശ്യപ്പെട്ടു.
വെള്ളമെടുത്ത് നൽകിയപ്പോൾ തനിക്ക് കടുത്ത ക്ഷീണമുണ്ടെന്ന് പറഞ്ഞ് ഇയാൾ ചവിട്ടുപടിയിൽ കിടന്നു. തുടർന്ന്, ജാതിക്ക വെള്ളത്തിലിട്ട് തിളപ്പിച്ചു കുടിച്ചാൽ ക്ഷീണം മാറുമെന്ന് പറഞ്ഞ് കല്യാണിയെ വീണ്ടും വീടിനകത്തേക്ക് പറഞ്ഞയച്ചു. ഇവർ അകത്തുപോയി തിരിച്ചെത്തിയ തക്കംനോക്കി പ്രതി ബലം പ്രയോഗിച്ച് കഴുത്തിലെ മാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയ തളിപ്പറമ്പ് പോലീസ് സംഘമാണ് ഒടുവിൽ പ്രതിയെ വലയിലാക്കിയത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
