മാനന്തവാടി: ആഗോള യുദ്ധ സാഹചര്യങ്ങളെത്തുടർന്ന് എണ്ണക്കമ്പനികൾ നിർത്തിവെച്ചിരിക്കുന്ന പുതിയ എൽ.പി.ജി. ഗ്യാസ് കണക്ഷനുകളുടെ വിതരണം വയനാട് ജില്ലയിൽ അടിയന്തരമായി പുനരാരംഭിക്കണമെന്ന് എൽ.പി.ജി. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ കണക്ഷനുകൾ അനുവദിക്കാത്തത് കാരണം സാധാരണക്കാരായ ഉപഭോക്താക്കൾ വലിയ ദുരിതത്തിലാണ്. ദിവസേന നിരവധി കുടുംബങ്ങളാണ് പുതിയ കണക്ഷനായി ഏജൻസി ഓഫീസുകൾ കയറിയിറങ്ങി നിരാശരായി മടങ്ങുന്നത്. വിഷയത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഗോത്രവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന വയനാടിന്റെ പ്രത്യേക സാമൂഹിക സാഹചര്യം കണക്കിലെടുത്ത്, സിലിണ്ടർ വിതരണത്തിന് നൂറു ശതമാനം ഡെലിവറി ഒ.ടി.പി. കോഡ് നിർബന്ധമാക്കുന്ന വ്യവസ്ഥയിൽ ഇളവ് വരുത്തണം. മൊബൈൽ ഫോൺ സൗകര്യങ്ങളോ നെറ്റ്‌വർക്ക് ലഭ്യതയോ ഇല്ലാത്തതിനാൽ ഓൺലൈൻ/ഫോൺ ബുക്കിംഗ് നടത്താൻ കഴിയാതെ നിരവധി നിർധന കുടുംബങ്ങൾക്ക് ഗ്യാസ് സിലിണ്ടർ ലഭിക്കാത്ത അവസ്ഥയുണ്ട്. കൂടാതെ, മലയോര മേഖലയിലെ ദുർഘടമായ ഭൂപ്രകൃതി പരിഗണിച്ച് കാലാനുസൃതമായി തൊഴിലാളികളുടെ സിലിണ്ടർ ഡെലിവറി ചാർജ് പരിഷ്കരിക്കണമെന്നും അസോസിയേഷൻ വ്യക്തമാക്കി.
ജില്ലാ കമ്മിറ്റി യോഗം ജില്ലാ പ്രസിഡന്റ് എം.എസ്. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാബു പി. ആന്റണി അധ്യക്ഷത വഹിച്ചു. സി.എം. സണ്ണി, കെ.എ. മാത്യു എന്നിവർ സംസാരിച്ചു.
പുതിയ ജില്ലാ ഭാരവാഹികൾ:
▪️പ്രസിഡന്റ്: സി.എം. സണ്ണി
▪️വൈസ് പ്രസിഡന്റ്: എം.എസ്. വിശ്വനാഥൻ
▪️സെക്രട്ടറി: കെ.എ. മാത്യു
▪️ജോയിന്റ് സെക്രട്ടറി: അരുൺ വിൻസന്റ്
▪️ട്രഷറർ: സ്റ്റീഫൻ മാത്യു
