വസ്ത്രധാരണം വ്യക്തിപരമായ തീരുമാനം, മറ്റൊരാൾക്കും ഇടപെടാൻ അവകാശമില്ല’;ഹൈക്കോടതി

കൊച്ചി:ഏത് വസ്ത്രം ധരിക്കണം എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും നിയമ പിൻബലമില്ലാതെ ഇക്കാര്യത്തിൽ നിർദ്ദേശം നൽകാൻ മറ്റൊരാൾക്കോ സമൂഹത്തിനോ അവകാശമില്ലെന്നും വ്യക്തമാക്കി കേരള ഹൈക്കോടതി. സ്കൂളിൽ അധ്യാപിക ചുരിദാർ ധരിച്ച് എത്തുന്നത് വിലക്കിയ സ്കൂൾ മാനേജരുടെ ഉത്തരവിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. വ്യക്തിയുടെ ഇഷ്ടവസ്ത്ര ധാരണം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

 

കൊല്ലം നെടുവത്തൂർ ഈശ്വരവിലാസം ഹൈസ്‌കൂൾ ഹെഡ്‌മിസ്ട്രസ് സിന്ധു എസ്. നായർ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. സ്കൂൾ മാനേജർ ചുരിദാർ ധരിച്ച് എത്തുന്നതിനെതിരെ തടസ്സങ്ങൾ സൃഷ്ടിച്ചതിനെ തുടർന്നാണ് പ്രധാന അധ്യാപിക നിയമപോരാട്ടത്തിനിറങ്ങിയത്. മറ്റൊരാൾക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിനെ ആശ്രയിച്ചല്ല ഭരണഘടന സ്ത്രീയുടെ അന്തസ്സ് നിശ്ചയിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വ്യക്തമായ സർക്കുലർ പ്രകാരം അധ്യാപകർക്ക് സ്കൂളുകളിൽ ചുരിദാർ ധരിച്ച് ജോലിക്കെത്താൻ പൂർണ്ണ അനുമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി.

 

സ്കൂളിൽ ജോലി ചെയ്യാനെത്തുന്ന ഹർജിക്കാരിയെ മാനേജരോ മറ്റാരെങ്കിലുമോ തടസ്സപ്പെടുത്തിയാൽ അവർക്ക് ആവശ്യമായ സംരക്ഷണം നൽകാൻ കൊട്ടാരക്കര എസ്.എച്ച്.ഒയ്ക്ക് കോടതി കർശന നിർദ്ദേശം നൽകി. കൂടാതെ നിയമവിരുദ്ധമായ ഉത്തരവ് ഇറക്കിയ സ്കൂൾ മാനേജരെ അയോഗ്യനാക്കണമെന്ന ആവശ്യത്തിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ അധികാരികൾക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!