നെടുമ്പാശേരി അപകടം: 19-കാരൻ മദ്യപിച്ചത് പ്രായപരിധി ലംഘിച്ച്; സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്

കൊച്ചി:നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ മദ്യപിച്ച് കാറോടിച്ച സുഹൈൽ സജീവിനെതിരെ കേസെടുത്ത് എക്സൈസ്. മദ്യം വാങ്ങുന്നതിനുള്ള നിയമപരമായ പ്രായപരിധി 23 വയസ്സായിരിക്കെ, 19-കാരനായ സുഹൈൽ മദ്യം ഉപയോഗിച്ചതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ പ്രതിയെ എക്സൈസ് ചോദ്യം ചെയ്യും.

 

സുഹൈലിന് മദ്യം നൽകിയ മൂന്ന് ബാറുകൾക്കെതിരെയും നേരത്തെ എക്സൈസ് കേസെടുത്തിരുന്നു. എറണാകുളം നഗരത്തിലെ രണ്ട് ബാറുകളിൽ നിന്നും നെടുമ്പാശേരിയിലെ ഒരു ബാറിൽ നിന്നുമാണ് ഇയാൾ മദ്യം കഴിച്ചത്. സംഭവത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഉണ്ടായേക്കും.

 

അപകടസമയത്ത് കാർ മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗത്തിലാണ് ഓടിച്ചിരുന്നതെന്നാണ് സുഹൈലിന്റെ മൊഴി. സുഹൈലിനെയും സുഹൃത്ത് നിനവിനെയും പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് റിമാൻഡ് ചെയ്തു. അപകടസമയത്ത് കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ അമീറിനെയും ജോയലിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിക്കാൻ പ്രേരിപ്പിച്ചെന്ന കുറ്റമാണ് മറ്റ് മൂന്ന് പേർക്കെതിരെ ചുമത്തിയിരിക്കുന്നത്. അപകടത്തിന് പിന്നാലെ അമീറും ജോയലും മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടതായും പൊലീസ് പറയുന്നു. അമീർ ഒഴികെയുള്ള മൂന്ന് പേർ മദ്യപിച്ചിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.

 

ശനിയാഴ്ച ഉച്ചമുതൽ വിവിധ ബാറുകളിൽനിന്ന് മദ്യം കഴിച്ചശേഷമാണ് സുഹൈൽ അമിതവേഗത്തിൽ കാറോടിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. മദ്യലഹരിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ വാഹനമോടിച്ചയാൾക്കെതിരെയും മദ്യം നൽകിയ സ്ഥാപനങ്ങൾക്കെതിരെയും അന്വേഷണം തുടരുകയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!