ബത്തേരി: സംസ്ഥാനത്ത് വൻ കോളിളക്കം സൃഷ്ടിച്ച മുട്ടിൽ മരംമുറിക്കേസിൽ വനംവകുപ്പ് സമർപ്പിച്ച അന്തിമ കുറ്റപത്രം സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസ് രജിസ്റ്റർ ചെയ്ത് അഞ്ച് വർഷവും ഏഴ് മാസവും പിന്നിട്ട ശേഷമാണ് വനംവകുപ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നേരത്തെ ആദ്യഘട്ടത്തിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ ആവശ്യമായ കൃത്യമായ രേഖകളും വിവരങ്ങളും ഇല്ലാത്തതിനാലും ക്ലറിക്കൽ പിഴവുകളും കാലതാമസവും ചൂണ്ടിക്കാട്ടിയും കോടതി അത് മടക്കിയിരുന്നു. തുടർന്ന് പിഴവുകൾ തിരുത്തി രണ്ടാമത് സമർപ്പിച്ച കുറ്റപത്രമാണ് കോടതി ഫയലിൽ സ്വീകരിച്ചത്.
ആദ്യ കുറ്റപത്രം കോടതി മടക്കിയ സംഭവത്തിൽ ഫയലുകൾ കോടതിയിൽ എത്തിക്കുന്നതിലും നിർദ്ദേശങ്ങൾ അറിയിക്കുന്നതിലും ഉദ്യോഗസ്ഥതലത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു . വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരവാദികളായ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് കാരണം കാണിക്കൽ മെമ്മോ നൽകിയിരുന്നു. ഉത്തരമേഖലാ സി.സി.എഫിൽ നിന്നും വിശദീകരണവും തേടിയിരുന്നു.
വയനാട്ടിലെ പട്ടയഭൂമികളിൽ നിന്ന് കർഷകരെ തെറ്റിദ്ധരിപ്പിച്ച് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സംരക്ഷിത ഈട്ടിത്തടികൾ (റോസ് വുഡ്) അനധികൃതമായി മുറിച്ചുകടത്തിയെന്നാണ് കേസ് . അതേസമയം, കേസിന് പിന്നിലെ ഉദ്യോഗസ്ഥതല ഗൂഢാലോചനയെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദ മരംമുറിക്ക് വഴിയൊരുക്കിയ അന്നത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലകിന്റെ വിവാദ ഉത്തരവ് ഇറങ്ങിയ സാഹചര്യം വിശദമായി അന്വേഷിക്കണമെന്നാണ് ആവശ്യം. കേസിലെ മുഖ്യപ്രതിയായ ആന്റോ അഗസ്റ്റിനും അന്നത്തെ റവന്യൂ സെക്രട്ടറിയും തമ്മിൽ കത്തുകളിലൂടെ നടത്തിയ ആശയവിനിമയങ്ങൾ ഉദ്യോഗസ്ഥതല ഒത്തുകളിയിലേക്ക് വിരൽചൂണ്ടുന്നതാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
