മീനങ്ങാടി: പാചകം ചെയ്യുന്നതിനിടെ ഗ്ലാസ് ടോപ്പ് ഗ്യാസ് സ്റ്റൗ ഭീകരശബ്ദത്തോടെ പൊട്ടിത്തെറിച്ച് യുവതിക്ക് സാരമായി പരിക്കേറ്റു . മീനങ്ങാടി 54 സ്വദേശിനി വിസ്മയ അമലിനാണ് നെറ്റിയിൽ ആഴത്തിൽ മുറിവേറ്റത്.
സ്റ്റൗവിന്റെ കട്ടിയുള്ള ഗ്ലാസ് ചില്ലുകൾ വൻ ശബ്ദത്തോടെ ചിതറിത്തെറിച്ചതിനൊപ്പം, സ്റ്റൗവിന് മുകളിൽ ഇരുന്നിരുന്ന പ്രഷർ കുക്കർ മുകളിലേക്ക് ഉയർന്നുപൊങ്ങി വിസ്മയയുടെ നെറ്റിയിലേക്ക് ശക്തമായി ഇടിക്കുകയായിരുന്നു വലിയ ശബ്ദവും നിലവിളിയും കേട്ടെത്തിയ കുടുംബാംഗങ്ങളും സമീപവാസികളും ചേർന്ന് രക്തത്തിൽ കുളിച്ച വിസ്മയയെ ഉടൻതന്നെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പരിക്ക് സാരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അമിതമായ ചൂട് തട്ടിയതോ ഗ്ലാസ് പ്രതലത്തിലുണ്ടായിരുന്ന നേരിയ വിള്ളലുകളോ കേടുപാടുകളോ ആകാം ഗ്ലാസ് പൊട്ടിത്തെറിക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം . ആധുനിക ഗ്ലാസ് ടോപ്പ് ഗ്യാസ് സ്റ്റൗവുകൾ ഉപയോഗിക്കുമ്പോൾ വലിയ അടിത്തട്ടുള്ള പാത്രങ്ങൾ ഉപയോഗിച്ച് ദീർഘനേരം പാചകം ചെയ്യരുതെന്നും, ഗ്ലാസിലേക്ക് നേരിട്ട് ഉയർന്ന താപമേൽക്കുന്നത് പൊട്ടിത്തെറിക്ക് കാരണമായേക്കാമെന്നും സുരക്ഷാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
