ബത്തേരി:വയനാടിൻ്റെ റയിൽവേ സ്വപ്നങ്ങൾ വാനോളമുയർത്തി ഇ.ശ്രീധരൻ്റെ അതിവേഗ റയിൽപാത സംബന്ധിച്ച അവതരണം. സുൽത്താൻ ബത്തേരി ടൗൺഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിന് മുമ്പാകെയാണ് കേരളത്തിൻ്റെ തിരുവനന്തപുരം -കണ്ണൂർ അതിവേഗ റയിൽപാതസംസന്ധിച്ചും പാതയുടെ കോഴിക്കോട്-സുൽത്താൻ ബത്തേരി ശാഖ സംബന്ധിച്ചും അദ്ദേഹത്തിൻ്റെ നേതൃത്തത്തിൽ ഡൽഹി മെട്രോ റയിൽ കോർപ്പറേഷൻ (ഡി.എംആർസി ) നടത്തിയ പഠനത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ അവതരിപ്പിച്ചത്.
തിരുവനന്തപുരം-കണ്ണൂർ പാതക്ക് എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്ത കെ.റയിൽ പദ്ദതിക്ക് ഒരുലക്ഷം കോടിരൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഡി.എംആർസി തയ്യാറാക്കിയ പദ്ദതിപ്രകാരം ഇത് 60000 കോടി രൂപയാക്കിചുരുക്കി. ബ്രോഡ് ഗേജിൽനിന്ന് അതിവേഗ പാതക്ക് പ്രയോഗികമായ സ്റ്റാൻഡേഡ് ഗേജിലേക്ക് മാറ്റിയതോടെ 30% ചിലവ് ലാഭിക്കാനായി. പാത തിരുവനന്തപുരം നഗരത്തിലൊഴികെ മേൽപാലങ്ങളിലൂടെയാണ് നിർമ്മിക്കുക. 30 മീറ്റർ അകലത്തിലാണ് തൂണുകൾ വേണ്ടിവരിക. പാതക്ക് 20 മീറ്റർ വീതിയിൽ മാത്രമേ സ്ഥലം ഏറ്റെടുക്കേണ്ടതുള്ളൂ. ഇതിന് നിലവിലെ നിയമപ്രകാരം നഷ്ടപരിഹാരം ലഭിക്കും. എന്നാൽ പാതയുടെ പണിപൂർത്തിയായാൽ സ്ഥലം ഉടമകൾക്ക് തിരികെ നൽകും. ഇവിടെ കൃഷിയും അനുവദനീയമായ മറ്റ് പ്രവർത്തികളും ചെയ്യാനാവും.
പാത ഒരു പവർഹൗസ്കൂടിയായിരിക്കും. പൂർണമായും സൗരോർജത്തിലാണ് പാത പ്രവർത്തിക്കുക. ഇതിനായി പാതയിലുടനീളം സൗരോർജ പാനലുകൾ സ്ഥാപിക്കും. വൈദ്യുതി ബാറ്ററികളിൽ ശേഖരിച്ച് പീക്ക് അവേഴ്സിൽ പുറമേ വിൽക്കും. യാത്രാ വരുമാനത്തിന് പുറമേ പാതയുടെ പ്രധാന വരുമാന ശ്രോതസ്സുകളിൽ ഒന്ന് വൈദ്യുതി വിൽപ്പന ആയിരിക്കും.ഒരു കിലോമിറ്ററിന് 2രുപയാണ് യാത്രാകൂലിയായി നിശ്ചയിച്ചത്. കണ്ണൂരിൽനിന്ന് 3മണിക്കൂർ 20 മിനിറ്റിലും കോഴിക്കോട്നിന്ന് 2മണിത്ക്കൂർ 40 മിനിറ്റിലും തിരുവനന്തപുരത്തെത്താം. കോഴിക്കോട് എറണാകുളം യാത്രാസമയം 1മണിക്കൂർ 5 മിനിറ്റ്.പാത കേരളത്തിലെ4 വിമാനത്താവളങ്ങളിലൂടെയും കടന്ന് പോകും. കോഴിക്കോട്നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രാ സമയം 10 മിനിറ്റാണ്.
വയനാടിൻ്റെ പ്രത്യേക സാഹചര്യങ്ങളും യാത്രാദുരിതവും പരിഗണിച്ച് വയനാട്ടിലേക്ക് പാത നീട്ടാനാവുമോ എന്ന് ഡിഎംആർസി പരിശോധിച്ച്നോക്കിയിരുന്നു. ഫലം അതിശയിപ്പിക്കുന്നതായിരുന്നു. കോഴിക്കോട് സുൽത്താൻബത്തേരി റോഡിൽ ഒരുദിശയിൽ മാത്രം ദിവസേന 50000ൽ അധികം ആളുകൾ യാത്ര ചെയ്യുന്നുണ്ട്. തുടർന്ന് സാങ്കേതിക പഠനം നടത്തിനോക്കി. പാത പ്രാവർത്തികമാക്കാം എന്നതാണ് കണ്ടെത്തൽ. പഠനത്തിലെ കണ്ടെത്തിലിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിൻ്റെ അതിവേഗ റയിൽപാത ഒന്നാംഘട്ടമായി കോഴിക്കോട് സുൽത്താൻ ബത്തേരി റൂട്ടിൽ നടപ്പാക്കണം എന്നതാണ് ഡിഎംആർസിയുടെ നിർദ്ദേശം.
പാത ഭാവിയിൽ മൈസൂറിലേക്ക് ദീർഘിപ്പിക്കാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് ഈ തീരുമാനം. ഇതോടെ കേരളവും ബാംഗ്ലൂരുമായുള്ള യാത്ര അതിവേഗത്തിൽ സാധ്യമാകും. വയനാട് പാതക്ക് കൊടുവള്ളി, അടിവാരം, കൽപ്പറ്റ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ സ്റ്റേഷനുകളുണ്ടാകും. അടിവാരത്തിനും കൽപ്പറ്റക്കുമിടയിൽ 20കി.മി ദൂരമുള്ള ഇരട്ട തുരങ്കപാതയാണ് നിർമ്മിക്കുക.
ആധുനിക സാങ്കേതിക വിദ്യയായ ടണൽ ബോറിംഗ് മെഷിൻ ഉപയോഗിച്ച് 400 മീറ്റർ വരെഅടിയിലൂടെയാണ് തുരങ്കം നിർമിക്കുക. 2 വർഷം കൊണ്ട് തുരങ്കനിർമാണം പൂർത്തിയാക്കാം. കോഴിക്കോട്-കൽപ്പറ്റ യാത്രാസമയം 25 മിനിറ്റും കോഴിക്കോട്ബത്തേരി യാത്രാസമയം 35 മിനിറ്റും ആയിരിക്കും.
കോഴിക്കോട് ബത്തേരി ടിക്കറ്റ് നിരക്ക് ഏകദേശം 150 രൂപയായിരിക്കും. ട്രെയിനിൽ 800 പേർക്ക് ഒരു സമയം യാത്ര ചെയ്യാം. വയനാടിൻ്റെ സാഹചര്യം പരിഗണിച്ച് ഒരു ബോഗിയിൽ അടിയത്തിര സാഹചര്യമുള്ള രോഗികളെ കൊണ്ടുപോകാനുള്ള സൗകര്യമൊരുക്കും. വയനാട് പാതയിൽ രാത്രികാലങ്ങളിൽ ചരക്ക് നീക്കത്തിന് റോ-റോ സംവിധാനവും ഒരുക്കും .സർക്കാറിന് സ്വന്തമായി ഒരുരൂപപോലും ചിലവില്ലാതെ പദ്ദതിനടപ്പാക്കാവുന്ന സാമ്പത്തിക സംവിധാനമാണ് പദ്ദതിയുടെ പ്രധാന ആകർഷണം.
വയനാട് പാതക്ക് 15000 കോടി രൂപ ചിലവ് വരും .പാതയുടെ ചിലവിൻ്റെ 60% തുല്യമായി കേന്ദ്ര സംസ്ഥാനവിഹിതവും 40% ശതമാനം പൊതുജനപങ്കാളിത്തവും ആയിരിക്കും .സർക്കാറുകളുടെ വിഹിതം അടിസ്ഥാന വികസനത്തിനും ടൂറിസം വികസനത്തിനുമുള്ള പത്യേക കേന്ദ്രസർക്കാർ ഫണ്ടുകളും ദീർഘകാല വായ്പകളുമാണ്.ആദ്യദിവസം മുതൽ ലാകരമാകുന്നപാതയാണ് വയനാട് പാത. അതിനാൽ വായ്പാതിരിച്ചടവ് ബുദ്ധിമുട്ടാകില്ല.
കോഴിക്കോട്സുൽത്താൻ ബത്തേരി അതിവേഗ പാതയുടെ ഡി.പിആർ ആദ്യം തയ്യാറാക്കണം.ഇതിന് 6മാസം സമയമെടുക്കും.5 കോടി രൂപയാണ് ചിലവ് വരിക. ഇത് സംസ്ഥാന സർക്കാർ നൽകണം. എന്നാൽ പണം അനുവദിക്കാമെന്ന് ഉറപ്പ്നൽകിയാൽ ഉടൻതന്നെ ഡി.പിആർ നടപടികൾ ആരംഭിക്കാൻ ഡിഎംആർസി തയ്യാറാണ്.
പാതയുടെ പരിസ്ഥിതി പ്രാധാന്യമാണ് എടുത്ത് പറയേണ്ടത്. തുരങ്കം ആരംഭിക്കുന്നതും അവസാനിക്കുന്നതും വനമേഖലയിലല്ല. ടണൽബോറിംഗ് മെഷിൻ ഉപയോഗിച്ചുള്ള നിർമാണം പരിസ്ഥിതിക്ക് യാതൊരു ക്ഷതവുമേൽപിക്കില്ല.മേൽപാലങ്ങളിലൂടെയുള്ളനിർമാണമായതിനാൽ നീരൊഴുക്ക് തടസ്സപ്പെടില്ല.ആയിരക്കണക്കിന് വാഹനങ്ങളെ ദിനേന അകറ്റി നിർത്തുന്നതിനിൽ ടൺകണക്കിന് കാർബൺ പുറംതള്ളൽ ഇല്ലാതാക്കും. കാർബൺ ക്രഡിറ്റ് ലഭിക്കാനും ഇത് സഹായിക്കും. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പാത ഏറ്റവും പരിസ്ഥിതി സൗഹാർദവുമാണ്.
കോഴിക്കോട് മെഡിക്കൽ കോളജിന് തൊട്ടടുത്ത് അരയിടത്ത്പാലത്താണ് കോഴിക്കോട്ടെ സ്റ്റേഷൻഎന്നതും കൽപ്പറ്റയിൽ നിന്ന് 25 മിനിറ്റാണ് യാത്രാ സമയം എന്നത്തും വയനാടിന് വലിയ അനുഗ്രഹമായി മാറും. പാതയിൽ തുടക്കത്തിൽ അരമണിക്കൂർ ഇടവിട്ട് അതിവേഗ തീവണ്ടികൾ ഓടിക്കും. പിന്നിട് ഇടവേള കുറക്കും. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും നേരിട്ട് സർവിസ് നടത്തും. വയനാടിൻ്റെ സമഗ്ര വികസനം സാധ്യമാക്കുന്ന പദ്ദതി നടപ്പാക്കാൻ സംസ്ഥാന സർക്കാറിൻ്റെ പൂർണ്ണ സഹകരണംഇ.ശ്രീധരൻ അഭ്യർത്ഥിച്ചു.
ഐസി ബാലകൃഷ്ണൻ എം.എൽഎ സുൽത്താൻ ബത്തേരി നഗരസഭാ ചെയർപേഴ്സൺ റസീന അബ്ദുൽഖാദർ,, സുൽത്താൻ ബത്തേരി ബ്ലോക് പഞ്ചായത്ത് പ്രസിഡൻൻ്റ് പ്രസന്ന ശശിധരൻ, പനമരം ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ദിലീപ് ,വെള്ളമുണ്ട പഞ്ചായത്ത്പസിഡൻ്റ് ഖമറുൽലൈല, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി യൂസഫ്, മുസ്ലിം ലിഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് , രാജശേഖരൻതുടങ്ങിയവർ പ്രസംഗിച്ചു.നീലഗിരി-വയനാട് എൻഎച്ച് ആൻ്റ് റയിൽ വേ ആക്ഷൻ കമ്മററി കൺവീനർ അഡ്വ.ടി.എം.റഷീദ് നന്ദി പറഞ്ഞു
