തിരുവനന്തപുരം: പെട്രോളിൽ എഥനോളിന്റെ അളവ് കൂട്ടുമെന്ന കേന്ദ്ര പ്രഖ്യാപനം ആശങ്കാജനകമാണെന്ന് മന്ത്രി അനൂപ് ജേക്കബ്. രാജ്യത്തെ ഭക്ഷ്യ ഭദ്രതയെ ബാധിക്കരുതെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യധാന്യങ്ങളുടെ ബഫർ സ്റ്റോക്ക് എഥനോൾ ഉദ്പാദനത്തിന് ഉപയോഗിക്കുമെന്ന് പറയുന്നു. ഭക്ഷ്യധാന്യങ്ങളുടെ ബഫർ സ്റ്റോക്ക് സൂക്ഷിക്കാൻ മതിയായ സംവിധാനം ഒരുക്കുകയാണ് വേണ്ടത്. ഭക്ഷ്യഭദ്രതയെ ബാധിക്കുന്ന തരത്തിൽ കേന്ദ്രം തീരുമാനമെടുക്കരുതെന്ന് എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. എഥനോളിന്റെ അളവ് കൂട്ടുമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയും പ്രതികരിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്തെ പെട്രോൾ പരിശോധനയിൽ മുൻ വിധി ഇല്ലെന്ന് അനൂപ് ജേക്കബ് പ്രതികരിച്ചു. ആദ്യം പരിശോധന ഫലം വരട്ടെ. കൂടുതൽ അളവിൽ എഥനോൾ കണ്ടെത്തിയാൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. പരിശോധന എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണെന്നും കോടതിയെ സമീപിക്കാനും സർക്കാർ തീരുമാനിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, പെട്രോളിലെ എഥനോൾ അളവ് സ്ഥിരീകരിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം ഒറ്റ പരിശോധനയിൽ അവസാനിപ്പിക്കില്ല. തുടർ പരിശോധനകൾ നടത്തണമെന്നാണ് സർക്കാർ നിർദേശം.
പരിശോധനയിൽ ഓയിൽ കമ്പനികളുടെ പ്രതിനിധികളോടും പങ്കെടുക്കാൻ ആവശ്യപ്പെട്ടു. പരിശോധനയ്ക്കായി പെസോ അംഗീകൃത ബോട്ടിലുകൾ എത്തിച്ചിട്ടുണ്ട്. കർണാടകത്തിൽ വിൽക്കുന്ന പെട്രോളിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സർക്കാരിൻ്റെ കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിൽ ഇന്ന് പരിശോധന നടക്കുന്നത്. നാല് ജില്ലകളിലെ അഞ്ച് പമ്പുകളിൽ നിന്ന് സാംപിളുകൾ ശേഖരിക്കും. പ്രത്യേക പരിശീലനം കിട്ടിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. മന്ത്രി അനൂപ് ജേക്കബിൻ്റെ നിർദേശപ്രകാരം, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷനാണ് പരിശോധന നടത്തുക.
