ഇസ്രായേലില്‍ പുതിയ സഖ്യസർക്കാർ രൂപീകരിക്കാൻ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും തന്റെ ഭരണസഖ്യത്തില്‍ ഉള്‍പ്പെടുത്താൻ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ട്. സർക്കാർ രൂപീകരിക്കാൻ അറബ് പാർട്ടികളുടെ പിന്തുണ ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം. ജറുസലേമിലെ പ്രസിഡന്റിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ നെതന്യാഹുവിന്റെ സഖ്യകക്ഷിയും തീവ്രവലതുപക്ഷ ധനകാര്യ മന്ത്രിയുമായ ബെസലേല്‍ സ്മോട്രിച്ചിനെയും ഒപ്പം കൂട്ടാൻ തയ്യാറാണെന്ന് ഗാഡി ഐസൻകോട്ട് വ്യക്തമാക്കി.
“ഐക്യത്തിനുള്ള സമയമാണിതെന്ന് ലിക്വിഡ് പാർട്ടിയുടെയും റിലീജിയസ് സീയോണിസ്റ്റ് പാർട്ടിയുടെയും അംഗങ്ങള്‍ യഥാർത്ഥത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, എന്റെ നേതൃത്വത്തിലുള്ള സർക്കാരിനെയും ഞാൻ മുന്നോട്ടുവെച്ച തത്വങ്ങളെയും പിന്തുണയ്ക്കാതിരിക്കാൻ അവർക്കാവില്ല,” എന്ന് ഐസൻകോട്ട് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ പ്രധാന എതിരാളിയായി മത്സരിച്ച ഗാഡി ഐസൻകോട്ടിന് പുതിയ സർക്കാർ രൂപീകരിക്കാൻ ആറാഴ്ചത്തെ സമയമാണ് ലഭിച്ചിട്ടുള്ളത്. ഇസ്രായേലി ജനതയുടെ മുഴുവൻ താല്പര്യങ്ങള് സംരക്ഷിച്ചുകൊണ്ട് പ്രവർത്തിക്കുമെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
