റോഡുകളിലെ അമിതവേഗതയ്ക്ക് കടിഞ്ഞാണിടാൻ ഹൈക്കോടതി

കൊച്ചി:സംസ്ഥാനത്ത് അമിതവേഗത മൂലമുള്ള വാഹനാപകടങ്ങൾ പതിവായ മേഖലകളിൽ കൂടുതൽ ‘സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ സിസ്റ്റങ്ങൾ’ സ്ഥാപിക്കാൻ ഹൈക്കോടതി ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദേശം നൽകി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത ഹരജി പരിഗണിക്കുമ്പോഴാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ സുപ്രധാന ഇടപെടൽ.

 

‘സേഫ് കേരള’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആകെ 726 ഇലക്ട്രോണിക് നിരീക്ഷണ കാമറകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, അതിൽ വെറും നാലെണ്ണം മാത്രമാണ് അമിതവേഗത കണ്ടെത്തുന്നതിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ളതെന്ന് കോടതി നിരീക്ഷിച്ചു. നിലവിലുള്ള നിരീക്ഷണ ശൃംഖലയിൽ 675 എ.ഐ. കാമറകളും, പാർക്കിങ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള 25 സംവിധാനങ്ങളും, ട്രാഫിക് സിഗ്‌നൽ ലംഘനങ്ങൾ (റെഡ് ലൈറ്റ് വയലേഷൻ) പിടികൂടുന്നതിനുള്ള 18 കാമറകളുമാണ് ഉൾപ്പെടുന്നത്.

 

അമിതവേഗത റോഡ് സുരക്ഷയെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച്, ഇതിനെതിരെ കർശനവും തുടർച്ചയുമായ നിയമനടപടികൾ അനിവാര്യമാണെന്ന് വ്യക്തമാക്കി. അപകടസാധ്യത കൂടുതലുള്ള സ്ഥലങ്ങൾ (ബ്ലാക്ക് സ്പോട്ടുകൾ) കണ്ടെത്താനും, അവിടെ കൂടുതൽ വേഗത നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കാനും കോടതി ആവശ്യപ്പെട്ടു.

 

ഇതിനായുള്ള കൃത്യമായ സമയക്രമം ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാനും ട്രാൻസ്പോർട്ട് കമ്മിഷണറോട് നിർദേശിച്ചിട്ടുണ്ട്. കൂടാതെ, സമഗ്രമായ ഒരു എൻഫോഴ്സ്മെന്റ് പ്രോട്ടോക്കോൾ (നിയമനടപടിക്രമം) തയ്യാറാക്കാൻ കമ്മിഷണറോട് നിർദേശിച്ച കോടതി, കേസിലെ എല്ലാ എതിർകക്ഷികളോടും ഇക്കാര്യത്തിൽ വ്യക്തമായ നിർദേശങ്ങൾ സമർപ്പിക്കാനും ഉത്തരവിട്ടു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!