ഇറാൻ യുദ്ധം പുനരാരംഭിക്കുന്നതിനെച്ചൊല്ലി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും തമ്മില്‍ ഫോണിലൂടെ വാക്പോര് നടത്തിയെന്ന റിപ്പോർട്ടുകള്‍ പുറത്തുവരികയാണ്. ഇരുവരും തമ്മില്‍ അതിരൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായതെന്ന് ഇസ്റാഈലി വാർത്താ വെബ്സൈറ്റായ ‘വൈനെറ്റ് ന്യൂസ്’ ആണ് വെളിപ്പെടുത്തിയത്. “a shouting match from hell” അതായത് നരകതുല്യമായ തീ പാറുന്ന വാക്കേറ്റം അല്ലെങ്കില്‍ സങ്കല്‍പ്പിക്കാവുന്നതില്‍ വെച്ച് ഏറ്റവും മോശമായ വാഗ്വാദം എന്നൊക്കെയാണ് ഫോക്സ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ തർക്കത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ ഈ വാർത്തകളെല്ലാം വ്യാജമാണെന്നാണ് നെതന്യാഹുവിന്റെ ഓഫീസ് അവകാശപ്പെടുന്നത്.
ട്രംപും നെതന്യാഹുവും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ വാക്കേറ്റവും തർക്കവും ഉണ്ടായില്ലെന്നും വാർത്ത പൂർണമായും വ്യാജവും വിഡ്ഢിത്തവുമാണെന്നുമാണ് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചത്. എന്നാല്‍, ഇത്തരമൊരു സംഭാഷണം നടന്നിരുന്നുവെന്ന് മറ്റൊരു മുതിർന്ന ഇസ്രാഈലി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ വാക്കുതർക്കം ഉണ്ടായെന്നും അത് അത്ര രൂക്ഷമായ ഒന്നായിരുന്നില്ലെന്നുമാണു അദ്ദേഹം വ്യക്തമാക്കുന്നത്. ഇരുവരും തമ്മില്‍ ഫോണിലൂടെ കടുത്ത തർക്കങ്ങള്‍ ഉണ്ടാകുന്നത് ഇതാദ്യമായിട്ടല്ല. ജൂണ്‍ മാസത്തിലുണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന്, ഒരു സംഭാഷണത്തിനിടെ നെതന്യാഹുവിനെ ട്രംപ് “ഭ്രാന്തൻ” എന്ന് വിളിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ട് നേതാക്കളും തമ്മിലുള്ള നിലപാടുകളിലെ വലിയ ഭിന്നതയാണ് ഈ റിപ്പോർട്ടുകളിലൂടെ പുറത്തുവരുന്നത്.
സൈനിക നടപടിയും ഭരണമാറ്റവും നെതന്യാഹു ലക്ഷ്യമിടുമ്പോള്‍, നയതന്ത്രത്തിനും സാമ്പത്തിക സമ്മർദ്ദത്തിനുമാണ് ട്രംപ് മുൻഗണന നല്‍കുന്നത്. ഇറാൻ തങ്ങളുടെ ആണവശേഷി വീണ്ടെടുക്കാൻ സജീവമായി ശ്രമിക്കുകയാണെന്നും ആയത്തുള്ളമാരുടെ ഭരണം താഴെയിറക്കുക മാത്രമാണ് ഇതിനുള്ള ശാശ്വത പരിഹാരമെന്നുമാണ് നെതന്യാഹു ഇപ്പോഴും വാദിക്കുന്നത്. എന്നാല്‍ യുദ്ധം പുനരാരംഭിക്കാനുള്ള ആവശ്യങ്ങളെ ചെറുക്കുകയും ഇറാനെ ചർച്ചയ്ക്ക് നിർബന്ധിതരാക്കാൻ സാമ്പത്തിക സമ്മർദ്ദം തുടരാൻ തീരുമാനിക്കുകയുമായിരുന്നു ട്രംപ് ചെയ്തത്. അടുത്തിടെ യുദ്ധം പുനരാരംഭിക്കുമോ എന്ന ചോദ്യത്തിന്, “അതിന് യാതൊരു കാരണവുമില്ല” എന്ന മറുപടിയാണ് ട്രംപ് നല്‍കിയത്.
ഇറാൻ വിഷയത്തില്‍ യു.എസിന്റെയും ഇസ്രാഈലിന്റെയും ആഭ്യന്തര രാഷ്ട്രീയത്തിലുള്ള ഭിന്നത വ്യക്തമാക്കുന്നതാണ് ഈ റിപ്പോർട്ടുകളെല്ലാം. അടുത്തിടെ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിയാണ് ട്രംപിനെ മാറ്റിചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. നെസ്സറ്റ് തെരഞ്ഞെടുപ്പിലുണ്ടായ വീഴ്ച മറികടന്നു ജനപ്രീതി തിരികെ പിടിക്കാനായിട്ടാണ് നെതന്യാഹു യുദ്ധം തുടരണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത്. ഇസ്രാഈലില്‍ പുതിയ സർക്കാർ അധികാരമേല്‍ക്കുന്നതുവരെ അടിയന്തര ഭീഷണിയില്ലാത്ത സൈനിക നടപടികള്‍ ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ട് ആവശ്യപ്പെട്ട സാഹചര്യത്തിലും അതൊന്നും പരിഗണിക്കാതെ ഇറാനെതിരായ പുതിയ സൈനിക നീക്കത്തിന് തയാറെടുക്കാൻ നെതന്യാഹു സൈന്യത്തിന് നിർദേശം നല്‍കിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇസ്റാഈല്‍ സുരക്ഷാ മന്ത്രിസഭാ യോഗത്തിലാണ് നെതന്യാഹു സൈന്യത്തിന് നിർദേശങ്ങള്‍ നല്‍കിയതെന്നും ഇവ യുദ്ധത്തിന് കാരണമായേക്കാവുന്ന സൈനിക നടപടികളിലേക്ക് നയിക്കാമെന്നുമാണ് ഇസ്രാഈല്‍ പൊതുമാധ്യമമായ കെ.എ.എൻ റിപ്പോർട്ട് ചെയ്യുന്നത്.
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള സഖ്യം നേടിയ മുന്നേറ്റത്തെത്തുടർന്ന് പുതിയ സർക്കാർ രൂപീകരിക്കാനുള്ള ക്ഷണം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നെതന്യാഹുവിനോട് സൈനിക നടപടികളില്‍ സംയമനം പാലിക്കണമെന്ന് ഐസൻകോട്ട് ആവശ്യപ്പെട്ടത്. നേരിട്ടുള്ളതും അടിയന്തരവുമായ ഭീഷണിയില്ലെങ്കില്‍ പുതിയ സർക്കാർ അധികാരമേല്‍ക്കുന്നതുവരെ സൈന്യത്തെ വിന്യസിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അധികാര കൈമാറ്റ കാലയളവില്‍ അനാവശ്യ സൈനിക നീക്കങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഇറാനിലെ നിലവിലെ ഭരണകൂടം തകരുന്നതുവരെ യുദ്ധം തുടരുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് നെതന്യാഹു.
അതേസമയം, ആക്രമണമുണ്ടായാല്‍ യുദ്ധം പശ്ചിമേഷ്യക്ക് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ആക്രമണത്തില്‍ പങ്കാളികളാകുന്ന പശ്ചിമേഷ്യ മുതല്‍ യൂറോപ്പ് വരെയുള്ള മേഖലകളിലെ യു.എസ് സൈനിക താവളങ്ങള്‍ ഇറാന്റെ ലക്ഷ്യങ്ങളാകുമെനാണു ഇറാൻ സുരക്ഷാ മേധാവി മുഹ്സിൻ റെസായി വ്യക്തമാക്കിയിട്ടുള്ളത്. തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകള്‍ക്ക് സ്വയം ഏർപ്പെടുത്തിയിരുന്ന 2,000 കിലോമീറ്റർ ദൂരപരിധി നിയന്ത്രണം ഇറാൻ ഔദ്യോഗികമായി പിൻവലിച്ചതും ഇതുമായി ചേർത്തുവായിക്കേണ്ടതുണ്ട്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വക്താവ് ബ്രിഗേഡിയർ ജനറല്‍ ഹൊസൈൻ മൊഹെബ്ബി കഴിഞ്ഞ ദിവസം നടത്തിയ
ഈ സുപ്രധാന പ്രഖ്യാപനം ലോകരാജ്യങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഏതൊരു ഭീഷണിക്കും ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ മറുപടി നല്‍കണമെന്ന പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖാംനഇയുടെ നിർദ്ദേശപ്രകാരമാണ് ഈ നടപടി. ഇതോടെ മിസൈലുകളുടെ ദൂരപരിധി 4,000 മുതല്‍ 5,000 കിലോമീറ്റർ വരെയായി ഉയർത്താൻ ഇറാന് സാധിക്കുമെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. ഇസ്റാഈലിനും പശ്ചിമേഷ്യൻ രാജ്യങ്ങള്‍ക്കും പുറമെ തെക്കുകിഴക്കൻ യൂറോപ്പിലെ രാജ്യങ്ങളും വടക്കേ ആഫ്രിക്കയും ഇറാന്റെ മിസൈല്‍ പരിധിയില്‍ വരും. കൂടാതെ, യൂറോപ്പിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യയിലെയും അമേരിക്കൻ-ബ്രിട്ടീഷ് സൈനിക താവളങ്ങളെ ലക്ഷ്യമിടാനും ഇത് ഇറാന് ശേഷി നല്‍കുന്നു.
നിലവിലുള്ള ഖൊറാംഷഹർ പോലുള്ള മിസൈലുകളിലെ സ്ഫോടകവസ്തുക്കളുടെ ഭാരം കുറച്ചുകൊണ്ട് തന്നെ കൂടുതല്‍ ദൂരം സഞ്ചരിക്കാൻ കഴിയുന്ന രീതിയില്‍ മാറ്റിയെടുക്കാൻ ഇറാന് സാധിക്കും. ബഹിരാകാശ വിക്ഷേപണ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കാനുള്ള സാധ്യതയും പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മാസം 50 ബാലിസ്റ്റിക് മിസൈലുകള്‍ നിർമിക്കാൻ ഇറാന് ശേഷിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഈ മുന്നറിയിപ്പിന് ഏറെ പ്രസക്തിയുണ്ട്. ഇറാന്റെ പക്കല്‍ 1,700 ബാലിസ്റ്റിക് മിസൈലുകളെങ്കിലും അവശേഷിക്കുന്നുണ്ടെന്നും യുദ്ധം വീണ്ടും ഉണ്ടായാല്‍ തിരിച്ചടിക്കാൻ ഇത് ഇറാനെ സഹായിക്കുമെന്നും ‘ബ്ലൂംബർഗ്’ ആണ് റിപ്പോർട്ട് ചെയ്തത്.
