പൂർണ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കണം, തൂക്കിലേറ്റാൻ വിട്ടുകൊടുക്കില്ല’; ഷെയ്ഖ് ഹസീനയെ മടക്കി അയക്കാൻ കർശന ഉപാധികളുമായി ഇന്ത്യ

ന്യൂഡൽഹി:രണ്ട് വർഷത്തിലേറെയായി ഇന്ത്യയിൽ അഭയം തേടിക്കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സ്വന്തം രാജ്യത്തേക്ക് മടക്കി അയക്കുന്നതിനുള്ള നീക്കങ്ങൾ സജീവമാക്കി ഇന്ത്യ. എന്നാൽ, ഹസീനയുടെ മടക്കയാത്രയ്ക്ക് ബംഗ്ലാദേശിലെ താരിഖ് റഹ്മാൻ സർക്കാരിന് മുന്നിൽ ഇന്ത്യ രണ്ട് പ്രധാന ഉപാധികൾ വെച്ചതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി ബംഗ്ലാ (BBC Bangla) റിപ്പോർട്ട് ചെയ്തു. 2024 ജൂലൈയിലെ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസിൽ ബംഗ്ലാദേശ് കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ അവരുടെ ജീവനും സുരക്ഷയും ഉറപ്പുവരുത്തുന്നതിനാണ് കർശന വ്യവസ്ഥകളോടെയുള്ള ഇന്ത്യയുടെ ഈ നയതന്ത്ര നീക്കം.

ബംഗ്ലാദേശിനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച നേതാവായ ഷെയ്ഖ് ഹസീനയെ ന്യൂഡൽഹിയിൽ നിന്ന് തിരികെ കൊണ്ടുപോകുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബംഗ്ലാദേശ് സൈന്യം ഏറ്റെടുക്കണമെന്നതാണ് ഇന്ത്യ മുന്നോട്ടുവെച്ച ഒന്നാമത്തെ ഉപാധി. ഇതിനായി ബംഗ്ലാദേശ് സൈനിക വിമാനം ന്യൂഡൽഹിയിലേക്ക് അയക്കുകയോ, അല്ലെങ്കിൽ അതിർത്തിയിലെ പ്രത്യേക കേന്ദ്രത്തിൽ വെച്ച് സൈന്യം നേരിട്ട് അവരെ ഏറ്റെടുക്കുകയോ വേണം. 2024 ഓഗസ്റ്റ് അഞ്ചിന് ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത ഹസീന സൈനിക വിമാനത്തിലായിരുന്നു ഇന്ത്യയിലെത്തിയത്. സമാനമായ സുരക്ഷാ ക്രമീകരണങ്ങളോടെ വേണം മടക്കയാത്രയും എന്നാണ് ഇന്ത്യയുടെ നിലപാട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!