മണ്ഡല തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും; ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ്

പത്തനംതിട്ട: 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം നാലുമണിക്കാണ് നട തുറക്കുന്നത്. ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും. തീർത്ഥാടകരെ സ്വീകരിക്കാനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമേ പമ്പയിൽ നിന്ന് തീർത്ഥാടകരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കൂ.

 

ഒരു ദിവസം എൺപതിനായിരം പേർക്കാണ് ദർശന സൗകര്യം. അറുപതിനായിരം വെർച്വൽ ക്യൂ വഴിയും പതിനാലായിരം തത്സമയ ബുക്കിങ്ങിലൂടെയും. 50 ലക്ഷം ടിൻ അരവണ തയ്യാറാക്കിയിട്ടുണ്ടെന്ന് ദേവസ്വം വകുപ്പ് അറിയിച്ചു. ഭക്തർ ആവശ്യപ്പെട്ടാൽ അരവണ തപാൽ വഴി എത്തിച്ച് നൽകാനുള്ള സംവിധാനങ്ങളും പൂർത്തിയായി. ഇതോടൊപ്പം അഞ്ച് കൗണ്ടറുകൾ അധികമായി തുറന്നിട്ടുണ്ട്. ഇതോടെ അരവണ കൗണ്ടറുകളുടെ എണ്ണം 22 ആയി ഉയർന്നു.

 

അരവണ കൗണ്ടറുകളിൽ ഡിജിറ്റൽ പെയ്മെന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 14 വഴിപാട് കൗണ്ടറുകളും അവിടെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനവും ഉണ്ടായിരിക്കും. അരവണയുടെയും അപ്പത്തിന്റെയും കാര്യത്തിൽ മണ്ഡലകാലത്ത് ആശങ്കകൾ ഇല്ലെന്നാണ് ദേവസ്വം വകുപ്പ് പറയുന്നത്.

 

വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തു വരുന്ന ഭക്തർക്ക് അപകടങ്ങൾ സംഭവിച്ചാൽ രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് ഉണ്ടാകും. ബുക്ക് ചെയ്യുന്ന ദിവസത്തിന് മുൻപേയുള്ള ഒരു ദിവസം കൂടി പരിഗണിച്ച് ആകെ മൂന്ന് ദിവസം ഉൾപ്പെടുത്തിയാണ് ഇൻഷുറൻസ് ആനുകൂല്യം നൽകുക. ബുക്ക് ചെയ്യുമ്പോൾ തന്നെ നോമിനി വിവരങ്ങൾ ചോദിക്കുന്നുണ്ട്. 5000 ലിറ്റർ നെയ്യ് ശബരിമലയിൽ എത്തിച്ചു. ഉടൻ 5000 ലിറ്റർ കൂടി എത്തിക്കും. ബാക്കി കരാറിന് ശേഷം സന്നിധാനത്തേക്ക് എത്തിക്കുമെന്നും കെ. ജയകുമാർ പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!