വീടിന്‍റെ മുന്‍വാതിലേ തുറക്കൂ; മോഷണശേഷം റിച്ച് ലൈഫ്; കോടികളുടെ വീട് നിര്‍മാണത്തിനിടെ കുടുങ്ങി സൈനുദ്ദീന്‍

മഞ്ചേരി :നൂറോളം മോഷണക്കേസുകളില്‍ പ്രതിയായ പൊലീസിന്റെ നോട്ടപ്പുള്ളി സൈനുദ്ദീനെ ഒടുവില്‍ കയ്യോടെ പിടികൂടി പൊലീസ്. മഞ്ചേരി പൊലീസും മലപ്പുറം ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് സൈനുദ്ദീന്‍ കുടുങ്ങിയത്. പൊലീസ് എത്തുബോൾ കള്ളൻ സൈനുദ്ദീന്‍ ഒരു കോടി മുടക്കി നിര്‍മിക്കുന്ന തന്‍റെ വീട് നിർമാണത്തിന്‍റെ തിരക്കിലായിരുന്നു.

 

വസ്ത്ര വ്യാപാരിയാണെന്നു പറഞ്ഞു ആളുകളെ വിശ്വസിപ്പിച്ചു ആൾ താമസം ഇല്ലാത്ത വീടുകളിൽ തുടർച്ചയായി മോഷണം നടത്തിയ പ്രതി പൊലീസിന്റെ പിടിയിൽ. തേഞ്ഞിപ്പലം 14–ാം മൈൽ കിഴക്കേക്കോട്ടായി സൈനുദ്ദീനെ (43) ആണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിവിധ ജില്ലകളിലായി നൂറോളം കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

മഞ്ചേരി നഗരത്തിൽ വീട് വാടകയ്ക്ക് എടുത്ത് ആളുകൾ ഇല്ലാത്ത വീടുകളിലാണ് മോഷണം നടത്തിയിരുന്നത്. മോഷണത്തിന്റെ തെളിവ് നശിപ്പിച്ചശേഷം അടുത്ത മോഷണം ആസൂത്രണം ചെയ്യും. മോഷണ മുതൽ ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് രീതി. ഒരു പ്രദേശത്ത് കവർച്ച നടത്തിയശേഷം അടുത്ത ജില്ലയിൽ പോയി സുഖ ജീവിതം നയിക്കും. പ്രതിയും സഹോദരിയും കുടുംബവും മഞ്ചേരി, രാമൻകുളം, കാവനൂർ എന്നിവിടങ്ങളിൽ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്നു.

 

പാലക്കാട് ജില്ലയിൽ ഒട്ടേറെ കേസുകളുള്ള സൈനുദ്ദീൻ 2024ൽ ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ആഡംബര കാറുകളിൽ കറങ്ങി നടന്നാണ് വീടുകൾ കണ്ടെത്തുന്നത്. അർധരാത്രി ഇരുചക്ര വാഹനത്തിൽ എത്തി മുഖം മറച്ചാണ് വീടുകളിൽ കയറിയിരുന്നത്. കോടികൾ വിലമതിക്കുന്ന ആഡംബര വീടാണ് പ്രതി കാവനൂരിനു സമീപം നിർമിക്കുന്നത്. മോഷണം നടന്ന പ്രദേശങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചും സമാനരീതിയിൽ മോഷണം നടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.

 

ഇൻസ്പെക്ടർ ടി.ജി.ദിലീപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ശിശിര ശശികുമാർ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ക്രൈം സ്ക്വാഡ് അംഗങ്ങളായ ഉബൈദുല്ല, സാലിം, സിപിഒമാരായ ധനേഷ്, ബിജു, മുജീബ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!