പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമാകുന്നതിനിടെ കുവൈത്തിന് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായി സൈന്യം അറിയിച്ചു. ഇറാന്‍, അമേരിക്കന്‍ സൈനിക റഡാര്‍ സംവിധാനത്തിന് നേരെ ബഹ്റൈനില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാനിലെ ഖഷം ദ്വീപില്‍ അമേരിക്ക വ്യോമാക്രമണവും നടത്തി. മേഖലയില്‍ സമാധാന കരാറിനായുള്ള നയതന്ത്ര നീക്കങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍.
ചൊവ്വാഴ്ച രാജ്യത്തിന് നേരെ ശത്രുതാപരമായ ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായാണ് കുവൈത്ത് സൈന്യത്തിന്റെ അറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേട്ട സ്‌ഫോടനശബ്ദങ്ങള്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണുകളെ തടഞ്ഞതിന്റെ ഫലമാണെന്നും സൈന്യം വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ ആരാണെന്നോ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടുണ്ടോയെന്നോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ജനങ്ങള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു.
യുഎസ് റഡാര്‍ സംവിധാനം ലക്ഷ്യമിട്ട് ഇറാന്‍
ബഹ്റൈനിലെ ഷെയ്ഖ് ഈസ വ്യോമതാവളത്തില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ റഡാര്‍ സംവിധാനത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അവകാശപ്പെട്ടു. ഇറാന്റെ വ്യോമാതിര്‍ത്തിയിലേക്ക് അമേരിക്കന്‍ സൈനിക ഡ്രോണുകള്‍ തുടര്‍ച്ചയായി കടന്നുകയറുന്നതിന് മറുപടിയായാണ് ആക്രമണമെന്നാണ് ഇറാന്റെ വിശദീകരണം.
എന്നാല്‍ ബഹ്റൈന്റെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകളെ തടഞ്ഞതായി അധികൃതര്‍ അറിയിച്ചു. അമേരിക്കന്‍ സൈനിക ഉപകരണങ്ങള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ നാശനഷ്ടമുണ്ടായിട്ടില്ലെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡും വ്യക്തമാക്കി.
ഖഷം ദ്വീപില്‍ അമേരിക്കയുടെ തിരിച്ചടി
ബഹ്റൈനിലെ ആക്രമണത്തിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ തെക്കന്‍ ദ്വീപായ ഖഷമില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. ദ്വീപിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രമാണ് ലക്ഷ്യമിട്ടതെന്ന് ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ അല്‍ ജസീറയോട് പറഞ്ഞു. ഇറാന്‍ നേരത്തെ ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ നടത്തിയ ആക്രമണത്തിനുള്ള മറുപടിയായാണ് നടപടിയെന്നും അമേരിക്കന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിലും കപ്പലുകള്‍ക്ക് ഭീഷണി
അതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയും ആക്രമണ ഭീഷണി തുടരുകയാണ്. ചൊവ്വാഴ്ച കടലിടുക്ക് കടക്കുന്നതിനിടെ മൂന്ന് എണ്ണക്കപ്പലുകള്‍ നാവിക മൈനുകളില്‍ തട്ടിയതായി ഇറാന്‍ സൈന്യം അവകാശപ്പെട്ടു. എന്നാല്‍ പ്രധാന കപ്പല്‍പാതകളില്‍ നിന്ന് മൈനുകള്‍ നീക്കം ചെയ്തതായി അമേരിക്കന്‍ സൈന്യം അറിയിച്ചു.
