അയ്യപ്പനെ ഒരുനോക്ക് കാണാൻ 2500 കിലോമീറ്റർ യാത്ര ചെയ്ത് പമ്പയിലെത്തി; മല കയറാനാകാതെ നൂറുദ്ധീന് മടക്കം

പമ്പ :അയ്യപ്പനെ ഒരുനോക്ക് കാണണമെന്ന തീവ്രമായ ആഗ്രഹവുമായി, പരിമിതികളെ തോൽപ്പിച്ച് 2500 കിലോമീറ്റർ താണ്ടിയെത്തിയ ആ യുവാവിന് ഒടുവിൽ കണ്ണീരോടെ മടങ്ങേണ്ടി വന്നു. സ്വന്തമായി നിർമ്മിച്ച മുച്ചക്ര വാഹനത്തിൽ, ആറ് ദിവസത്തോളം നീണ്ട കഠിനയാത്രയ്ക്കൊടുവിൽ പമ്പയിലെത്തിയ ബിഹാർ സ്വദേശി നൂറുദ്ധീനാണ് (29) സന്നിധാനത്തേക്കുള്ള മല കയറാനാകാതെ നിരാശയോടെ യാത്ര അവസാനിപ്പിച്ചത്.

 

തീർത്ഥാടന കാലത്തിന്റെ തുടക്കത്തിൽ തന്നെ അയ്യപ്പസന്നിധിയിലെത്തണമെന്ന വലിയ സ്വപ്നവുമായാണ് നൂറുദ്ധീൻ യാത്ര തുടങ്ങിയത്.  ബിഹാറിൽ നിന്ന് ട്രെയിൻ മാർഗം തിരുവല്ലയിലെത്തിയ അദ്ദേഹം, അവിടെനിന്ന് തന്റെ മുച്ചക്ര വാഹനത്തിൽ ശബരിമല ലക്ഷ്യമാക്കി നീങ്ങി.

 

വഴിനീളെ വിശപ്പും ദാഹവും ശാരീരിക അസ്വസ്ഥതകളും തളർത്തിയെങ്കിലും, അയ്യനെ കാണണമെന്ന ഒരൊറ്റ ചിന്ത മാത്രമായിരുന്നു അദ്ദേഹത്തിന് കരുത്തായത്. വഴിയിലുടനീളം കണ്ടുമുട്ടിയ സുമനസ്സുകളുടെ സ്നേഹവും സഹായവും ആ യാത്രയ്ക്ക് തണലായി.ഒടുവിൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് നൂറുദ്ധീൻ പമ്പയുടെ മണ്ണിലെത്തി.

 

എന്നാൽ, സന്നിധാനത്തേക്കുള്ള കുത്തനെയുള്ള കാനനപാതയിലൂടെ മുച്ചക്ര വാഹനത്തിന് കടന്നുപോകാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചതോടെ ആ യുവാവിന്റെ എല്ലാ പ്രതീക്ഷകളും തകരുകയായിരുന്നു. വിളിപ്പാടകലെ അയ്യപ്പസന്നിധി ഉണ്ടായിട്ടും, ഒന്ന് തൊഴുതു മടങ്ങാൻ കഴിയാത്തതിന്റെ തീരാവേദനയോടെയാണ് അദ്ദേഹം പമ്പയിൽ നിന്ന് മടക്കയാത്ര തുടങ്ങിയത്. ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടിയെത്തിയ ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ സന്നിധാനത്തെത്താൻ കഴിയാതെ പോയത് ഏവരെയും വേദനിപ്പിക്കുന്ന കാഴ്ചയായി.

 

അയ്യപ്പദർശനമെന്ന ആഗ്രഹം ബാക്കിയാക്കി മടങ്ങേണ്ടി വന്നെങ്കിലും, നൂറുദ്ധീന്റെ അചഞ്ചലമായ വിശ്വാസവും പരിശ്രമവും ഇതിനോടകം തന്നെ നിരവധി പേരുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!