ഓപ്പറേഷൻ ചക്കക്കൊമ്പൻ: രണ്ടാം ദിനത്തിലേക്ക് ദൗത്യസംഘം; ഒറ്റയാൻ സിങ്കുകണ്ടം ഭാഗത്തെത്തി

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള വനംവകുപ്പിന്റെ ‘ഓപ്പറേഷൻ ചക്കക്കൊമ്പൻ’ ദൗത്യം രണ്ടാം ദിനത്തിലേക്ക് കടന്നു. ആദ്യ ദിനത്തിലെ ശ്രമങ്ങൾക്കിടെ കാട്ടിലേക്ക് നീങ്ങിയ ഒറ്റയാൻ ഇന്ന് അതിരാവിലെ സിങ്കുകണ്ടം മേഖലയിലെത്തി.

നിലവിൽ വനംവകുപ്പിന്റെ ട്രാക്കിംഗ് ടീം ആനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അനുകൂലമായ സാഹചര്യം ഒത്തുവരുന്ന മുറയ്ക്ക് ദൗത്യസംഘം തുടർനടപടികളിലേക്ക് കടക്കും. പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതിയും തുടർനീക്കങ്ങളും സംബന്ധിച്ച വിവരങ്ങൾ ഹൈറേഞ്ച് സർക്കിൾ സിസിഎഫ് അല്പസമയത്തിനകം മാധ്യമങ്ങളോട് വിശദീകരിക്കും.

മയക്കുവെടി വെച്ചശേഷം വിദേശത്തുനിന്ന് എത്തിച്ച സാറ്റ്ലൈറ്റ് റേഡിയോ കോളർ കഴുത്തിൽ ഘടിപ്പിക്കാനായിരുന്നു ഇന്നലെ വനംവകുപ്പ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ആദ്യം വെച്ച മയക്കുവെടി പൂർണമായി ഏൽക്കാത്തതിനാൽ ദൗത്യം പൂർത്തിയാക്കാനായില്ല. രണ്ടാം ഡോസ് നൽകാൻ ശ്രമിക്കുന്നതിനിടെ ചക്കക്കൊമ്പൻ ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്തിരുന്നു. ഇതിനിടെ പെയ്‌ത കനത്ത മഴയും ശക്തമായ കാറ്റും ദൗത്യത്തിന് തിരിച്ചടിയായി. കാഴ്ചപരിധി കുറഞ്ഞതോടെ സുരക്ഷ കണക്കിലെടുത്ത് ദൗത്യം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.

സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ചിന്നക്കനാലിലെ ആറ് വാർഡുകളിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഇന്നും തുടരും. ദൗത്യം നടക്കുന്ന പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!