മാനന്തവാടി: തലപ്പുഴ മക്കിമല കൊടക്കാട് വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സ്ഫോടക വസ്തു നിർവ്വീര്യമാക്കി. കോഴിക്കോട്, കണ്ണൂർ ബോംബ് സ്ക്വാഡുകളുടെ സാന്നിധ്യത്തിൽ അരീക്കോട് നിന്നുള്ള തണ്ടർബോൾട്ടിൻ്റെ സ്പെഷൽ ഓപ്പറേഷൻ ടീം അംഗങ്ങളാണ് സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കിയതെന്നാണ് ലഭ്യമായ വിവരം. ഐഇഡി ബോംബാണിതെന്ന് അനൗദ്യോഗിക വിവരവുമുണ്ട്. നിർവീര്യമാക്കുന്ന സ്ഥലത്ത് നിന്നും സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. തണ്ടർബോൾട്ട്, എടിഎസ് തുടങ്ങിയവർ വനമേഖലയിൽ വ്യാപക തെരച്ചിൽ തുടരുന്നുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടോ എന്നറിയാൻ ഡോഗ് സ്ക്വാഡും ബോംബ് സ്കോഡും പരിശോധന നടത്തുന്നുണ്ട്.