കേരള പബ്ലിക് സർവീസ് കമ്മീഷൻ വിവിധ വകുപ്പുകളിലെ 83 തസ്തികകളിലേക്ക് നിയമനത്തിന് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇതിൽ 20 തസ്തികകളിൽ നേരിട്ടുള്ള നിയമനങ്ങളാണ് നടക്കുന്നത്. 6 തസ്തികകളിൽ തസ്തികമാറ്റം വഴിയാണ് നിയമനം നടത്തുക. 2 തസ്തികകളിൽ പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കായി സ്പെഷ്യൽ റിക്രൂട്ട്മെന്റും,
55 തസ്തികകളിൽ എൻ.സി.എ നിയമനവുമാണ് ഉള്ളത്. വിജ്ഞാപനത്തിന്റെ ഗസറ്റ് തീയതി 2025 ഏപ്രിൽ 30 ആണും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 4 രാത്രി 12 വരെയാണ്.നേരിട്ടുള്ള നിയമനങ്ങളിലായി പോലിസ് വകുപ്പിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റിൻറെ തസ്തികയുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, അനാട്ടമി, ജനിറ്റോ യൂറിനറി സർജറി (യൂറോളജി), മെഡിക്കൽ ഓങ്കോളജി എന്നിവയിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികകളും ഉൾപ്പെടുന്നു. ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റും, ആയുര്‍വേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റിസർച്ച് അസിസ്റ്റന്റും, വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർമാർ (സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്) എന്നിവരും ഉള്‍പ്പെടുന്നു. കൂടാതെ തദ്ദേശസ്വയംഭരണ വകുപ്പിൽ ഫാർമസിസ്റ്റ്, ഭാരതീയ ചികിത്സാ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2, തൊഴിലാളി ക്ഷേമബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ജല അതോറിറ്റിയിൽ ഓവർസിയർ ഗ്രേഡ് 3, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ), പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (പ്ലംബർ), അച്ചടി വകുപ്പിൽ ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2, പൊതുമരാമത്ത് വകുപ്പിൽ ലൈൻമാൻ എന്നീ തസ്തികകളും ഉള്‍പ്പെടുന്നു.തസ്തികമാറ്റം വഴി നടക്കുന്ന നിയമനങ്ങളിൽ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്), ഹൗസ്ഫെഡിലെ പ്യൂൺ, ജല അതോറിറ്റിയിലെ ഓവർസിയർ, പട്ടികജാതി വികസന വകുപ്പിലെ ട്രെയിനിങ് ഇൻസ്ട്രക്ടർ (പ്ലംബർ), ഫെഡറേഷൻ ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ട്രൈബ് ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിലെ വാച്ച്മാൻ തുടങ്ങിയവ ഉൾപ്പെടുന്നു.സ്പെഷ്യൽ റിക്രൂട്ട്മെന്റിന്റെ ഭാഗമായി കോളജ് വിദ്യാഭ്യാസ വകുപ്പിലെ ലോ കോളജുകളിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ലോ, പോലിസ് വകുപ്പിൽ പോലിസ് കോൺസ്റ്റബിൾ (ട്രെയിനി) തസ്തികകളിലേക്കാണ് നിയമനം.എൻ.സി.എ നിയമനങ്ങൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ വിവിധ അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലും, വിദ്യാഭ്യാസ വകുപ്പിലെ എച്ച്.എസ്.ടി. അറബിക്, ഗണിതശാസ്ത്രം, ഫിസിക്കൽ സയൻസ്, മ്യൂസിക് ടീച്ചർ, ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്, കെ.എസ്.എഫ്.ഇയിൽ പ്യൂൺ/വാച്ച്മാൻ തസ്തികകളിലുമാണ്.വിശദ വിവരങ്ങൾക്ക് http://www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.