തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും. വിവിധ ജില്ലകളിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ന്യൂനമർദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിലാണ് വീണ്ടും മഴ കനക്കുന്നത്. വടക്കൻ കേരള തീരം മുതൽ വടക്കൻ കൊങ്കൺ തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടു.
ജൂൺ 22 മുതൽ 25 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ പരമാവധി 40-60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.