കോഴിക്കോട്:വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുട്ടി. കോഴിക്കോട് കൊടിയത്തൂരിൽ ജനുവരി 30നാണ് സംഭവം നടന്നത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയിലേക്ക് മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി. മറുവശത്ത് നിൽക്കുകയായിരുന്ന അമ്മയ്ക്കരികിലേക്ക് ഓടുകയായിരുന്നു കുട്ടി. ആ സമയം പിതാവ് ഓട്ടോ ഡ്രൈവർക്ക് പണം നൽകുന്ന തിരക്കിലായിരുന്നു.
കോഴിക്കോട് നിന്ന് വരികയായിരുന്ന ബസിന് മുന്നിലേക്കാണ് കുട്ടി ഓടിയത്. അപ്രതീക്ഷിതമായി കുട്ടി ഓടിവരുന്നത് കണ്ട ബസ് ഡ്രൈവർ പെട്ടെന്ന് വലത്തേക്ക് തിരിച്ച് ബ്രേക്ക് ചവിട്ടിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഈ സമയം കുട്ടി ബസിനരികിൽ നിന്ന് ഓടിമാറുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ ഉണ്ട്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.



