കോഴിക്കോട്: ജയലക്ഷ്മി സിൽക്ക്സിലെ തീപിടുത്തത്തിന്റെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള സുപ്രധാന റിപ്പോർട്ട് പുറത്ത്. ജില്ലാ ഫയർ ഓഫീസറുടെ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. കെട്ടിടത്തിൽ വസ്ത്രങ്ങൾ കുത്തി നിറച്ച നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ഗോഡൗണിൽ ആണ് വസ്ത്രങ്ങൾ നിറച്ചിരുന്നത്. അതുകൊണ്ട് തന്നെ അഗ്നി സുരക്ഷാ സംവിധാനം പ്രവർത്തിച്ചിട്ടും തീ അണയ്ക്കാൻ ബുദ്ധിമുട്ടുണ്ടായതെന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ആദ്യഘട്ട പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്താനായിരുന്നില്ല. വീണ്ടും നടത്തിയ പരിശോധനയിലാണ് തീപിടിത്തമുണ്ടാകാനുള്ള കാരണങ്ങൾ വ്യക്തമായത്. കെട്ടിടത്തിലെ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും കൂടുതല്‍ അളവിൽ കൂടുതൽ ഗോഡൗണിൽ സ്റ്റോക്ക് സംഭരിച്ചതാണ് തീപിടിത്തത്തിന്റെ ആഘാതം കൂട്ടിയതെന്നുമാണ് ജില്ലാ ഫയർ ഓഫീസറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അതേസമയം, കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് തീപിടിച്ചതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നുഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് മുന്നാം നിലയിൽ നിന്നാണ് തീ പടർന്നതെന്ന് കണ്ടെത്തിയത്. ഫയർഫോഴ്സിന്റെ റിപ്പോർട്ട് ഇന്ന് കലക്ടർക്ക് സമർപ്പിക്കും. അപകടത്തിൽ 50 കോടിയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തിൽ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ജയലക്ഷ്മി സില്‍ക്സ് മാനേജരുടെ പരാതിയിലാണ് കേസ്.
ജയലക്ഷ്മി സില്‍ക്സിന്റെ രണ്ടും മൂന്നും നിലകളിലാണ് തീ ആളിപ്പടര്‍ന്നത്. വൈകിട്ട് ആറ് മണിയോടെ പുക ഉയരുന്നത് കണ്ടതോടെ വസ്ത്രം വാങ്ങാന്‍ വന്നവരും ജീവനക്കാരും പുറത്തേക്ക് ഓടുകയായിരുന്നു. പിന്നാലെ ഫയര്‍ഫോഴ്സിന്റെ അഞ്ച് യൂണിറ്റ് എത്തി തീ അണക്കാന്‍ ആരംഭിച്ചു. തീ ആളിപ്പടര്‍ന്നതോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും അത്യാധുനിക ഫയര്‍ എഞ്ചിനുകളും എത്തിച്ചായിരുന്നു തീയണച്ചത്. റമദാന് വിപണി ലക്ഷ്യമിട്ട് വലിയ അളവില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ സ്റ്റോക്ക് ചെയ്തിരുന്നു. 2023 ഏപ്രിലിലും ജയലക്ഷ്മിയില്‍ തീ പിടിച്ചിരുന്നു.



