സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാൻ ഏപ്രില്‍ ഒന്ന് മുതല്‍ യുപിഐ ഇടപാടുകളില്‍ പുതിയ സുരക്ഷാവ്യവസ്ഥകള്‍ വരുന്നു

ന്യൂഡൽഹി:രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) നിയമങ്ങളില്‍ വൻ പരിഷ്കാരവുമായി റിസർവ് ബാങ്കും കേന്ദ്ര സർക്കാരും.ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്താൻ പോകുന്ന പുതിയ മാർഗനിർദേശങ്ങള്‍ പ്രകാരം യുപിഐ ഇടപാടുകള്‍ക്ക് ബയോമെട്രിക് പരിശോധനയും ഒടിപിയും നിർബന്ധമാക്കുന്നു. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ എല്ലാ യുപിഐ ആപ്പുകള്‍ക്കും ഈ നിബന്ധന ബാധകമായിരിക്കും.

വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാനാണ് നാഷണല്‍ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) രണ്ട് തല സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നത്. നിലവില്‍ പിൻ നമ്പർ മാത്രം ഉപയോഗിച്ച്‌ നടത്തിയിരുന്ന ഇടപാടുകള്‍ക്ക് ഇനി മുതല്‍ വിരലടയാളം പൊരുത്തപ്പെടുത്തുകയോ ഫോണ്‍ വഴിയുള്ള ഫേസ് സ്കാനോ ആവശ്യമായി വരും.

ബയോമെട്രിക് പരിശോധന വിജയകരമായാല്‍ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ആറക്ക ഒടിപി ലഭിക്കും. ഈ ഒടിപിക്ക് 30 സെക്കൻഡ് മാത്രമേ കാലാവധി ഉണ്ടായിരിക്കുകയുള്ളൂ എന്നതിനാല്‍ നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഇടപാട് പൂർത്തിയാക്കേണ്ടി വരും. സമയം കഴിഞ്ഞാല്‍ ഇടപാട് റദ്ദാക്കപ്പെടും.

തട്ടിപ്പുകാർ സ്മാർട്ട് ഫോണുകളില്‍ വ്യാജ എപികെ ഫയലുകള്‍ ഉപയോഗിച്ച്‌ നിയന്ത്രണം ഏറ്റെടുക്കുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ പരിശോധനാ തലങ്ങള്‍ സഹായിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സൈബർ തട്ടിപ്പുകള്‍ തടയുന്നതിനായി അന്താരാഷ്ട്ര യുപിഐ ഇടപാടുകള്‍ക്ക് പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.ഇത്തരം ഇടപാടുകളില്‍ അയക്കുന്നയാളുടെയും സ്വീകർത്താവിന്റെയും തത്സമയ ലൊക്കേഷൻ സിസ്റ്റം സ്കാൻ ചെയ്യും. കൂടാതെ അധിക സുരക്ഷയ്ക്കായി കാപ്ച പൂരിപ്പിക്കല്‍ കൂടി അന്താരാഷ്ട്ര ഇടപാടുകളില്‍ നിർബന്ധമാക്കും. പുതിയ മാറ്റങ്ങള്‍ പേയ്മെന്റ് പൂർത്തിയാക്കാൻ കൂടുതല്‍ സമയം എടുക്കുമെങ്കിലും ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരായ ശക്തമായ പ്രതിരോധമായി ഇത് മാറുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *