യാത്രക്കാര്‍ക്ക് ആശ്വാസം; സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ അറേബ്യ, 49 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങള്‍ പറക്കും അടുത്തിടെയുണ്ടായ തടസ്സങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകള്‍ പുനരാരംഭിച്ച് എയർ അറേബ്യ.
ഷാർജ, അബുദബി, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്നായി 17 രാജ്യങ്ങളിലെ 49 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സർവീസുകള്‍ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുന്നത്. പ്രവർത്തനപരമായ അനുമതികള്‍ക്ക് വിധേയമായി വിമാനങ്ങള്‍ നിശ്ചിത ഷെഡ്യൂള്‍ പ്രകാരം സർവീസ് നടത്തുമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.
ഇന്ത്യ, പാകിസ്ഥാൻ, സഊദി, ഈജിപ്ത് തുടങ്ങി ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് മേഖലകളിലെ പ്രധാന രാജ്യങ്ങളിലേക്കെല്ലാം സർവീസുകള്‍ ലഭ്യമാകും. യാത്രക്കാർക്ക് എയർ അറേബ്യയുടെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ ട്രാവല്‍ ഏജന്റുമാർ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
യാത്രക്കാർക്കുള്ള ഇളവുകള്‍
◾വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം ബുദ്ധിമുട്ടിയ യാത്രക്കാർക്കായി പ്രത്യേക ആനുകൂല്യങ്ങളും എയർലൈൻ പ്രഖ്യാപിച്ചിട്ടുണ്ട്:
◾യാത്രക്കാർക്ക് 30 ദിവസത്തിനുള്ളില്‍ ഒരു തവണ സൗജന്യമായി യാത്രാ തീയതി മാറ്റാം.
◾ടിക്കറ്റ് തുകയ്ക്ക് തുല്യമായ ക്രെഡിറ്റ് വൗച്ചറോ അല്ലെങ്കില്‍ തുക പൂർണ്ണമായി റീഫണ്ടായോ കൈപ്പറ്റാൻ അവസരമുണ്ടാകും.
◾മുമ്പ് ബുക്ക് ചെയ്തവർക്ക് ടിക്കറ്റ് മാറ്റത്തിനുള്ള സൗകര്യവും ലഭ്യമാണ്.
◾നിലവിലെ സാഹചര്യം വിലയിരുത്തി കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വരും ദിവസങ്ങളില്‍ സർവീസുകള്‍ വ്യാപിപ്പിക്കാനാണ് എയർലൈൻ ലക്ഷ്യമിടുന്നത്. വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടവർക്ക് അവ പുനഃക്രമീകരിക്കുന്നതിനോ റീഫണ്ട് നേടുന്നതിനോ ഉള്ള നടപടികള്‍ എളുപ്പമാക്കുമെന്നും എയർ അറേബ്യ അറിയിച്ചു.




