സ്വയം നിയന്ത്രിക്കണം: പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഉപയോക്താക്കൾക്ക് നിർദ്ദേശവുമായി KSEB

സ്വയം നിയന്ത്രണത്തിന് ഉപഭോക്താക്കളോട് അഭ്യ‍ർത്ഥിച്ച് കെ എസ് ഇ ബി. ഇതിനായി പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളും കെ എസ് ഇ ബി മുന്നോട്ട് വെച്ചിട്ടുണ്ട്. വൈദ്യുതി ഉപയോഗത്തിലുണ്ടായ അപ്രതീക്ഷിത വർദ്ധനവും ലഭ്യതയിലുണ്ടാകുന്ന കുറവും വിലയിരുത്തുന്നതിനും പ്രതിസന്ധി നേരിടുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്യുന്നതിനുമായി ചേർ‌ന്ന ഉന്നതതലയോ​ഗ തീരുമാനം അറിയിച്ചുള്ള വാർത്താക്കുറിപ്പിലാണ് കെഎസ്ഇബി നിർദ്ദേശം.

 

വൈദ്യുതി ആവശ്യകത ക്രമാതീതമായി ഉയർന്നാൽ പ്രസരണ വിതരണ ശൃംഖലയിലുണ്ടാകുന്ന കനത്ത സമ്മർദ്ദം കാരണം ഗുരുതരവും അപരിഹാര്യവുമായ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

 

അതിരൂക്ഷമായ സ്ഥിതിഗതികൾ ഉണ്ടാവുന്ന ഘട്ടങ്ങളിൽ, ഗ്രിഡ് സ്ഥിരതയ്ക്കായി വൈകുന്നേരം 6 മുതൽ രാത്രി 12 വരെ 30 മിനിറ്റിൽ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റർ ചീഫ് എഞ്ചിനീയർക്ക് ഉന്നതതല യോഗം അനുമതി നൽകുകയും ചെയ്തു. സ്ഥിതിഗതികൾ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഓരോ ദിവസവും വിലയിരുത്തുമെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. വൈദ്യുതിയുടെ ഉത്തരവാദിത്തപൂർണ്ണമായ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിന് എനെർജി മാനേജ്മെന്റ് സെന്ററിനെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചതായും കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.

 

വൈദ്യുതി വാഹന ചാർജിംഗ് വൈകുന്നേരം 6 മുതൽ രാത്രി 12 വരെ പൂർണ്ണമായി ഒഴിവാക്കി, പകൽ സമയത്തേക്ക് ക്രമീകരിക്കണമെന്നാണ് കെഎസ്ഇബിയുടെ പ്രധാന നിർദ്ദേശം. നിലവിലെ സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ എസിയുടെ ഉപയോഗം ഒഴിവാക്കാനാവില്ല. എന്നാൽ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ നിലനിർത്താൻ കഴിയും. ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന് ആരോഗ്യകരമാണ് എന്നു മാത്രമല്ല വലിയതോതിൽ വൈദ്യുതി ലാഭിക്കാനുമാകും.

 

എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളിൽ മാത്രമായി ചുരുക്കാനും കഴിയുമെന്നും കെഎസ്ഇബി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇൻഡക്ഷൻ കുക്കറിന്റെ ഉപയോഗവും ഈ സമയത്ത് പരമാവധി ഒഴിവാക്കണമെന്നും കെഎസ്ഇബി നി‍ർദ്ദേശിക്കുന്നുണ്ട്.  വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റർ, അയൺ, വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗവും വൈകുന്നേരം 6 മണി മുതൽ 12 മണിവരെയുള്ള സമയത്ത് ഒഴിവാക്കണമെന്നും അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണയ്ക്കണമെന്നും കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *