കൽപ്പറ്റ: വാഹനാപകടങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ട് ശുഭയാത്ര സുരക്ഷിത യാത്ര പദ്ധതിയുമായി ജില്ലാ ജനമൈത്രി പൊലീസ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡ്രൈവര്‍മാര്‍ക്കായി പൊലീസ് നടത്തുന്ന ബോധവൽക്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കി. മധ്യവേനലവധിക്കാലത്ത് നിരത്തുകളില്‍ തിരക്കേറുന്നതിനാൽ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായാണ് പൊലീസിന്റെ ബോധവൽക്കരണം. റോഡുകളിൽ വാഹന പരിശോധനയ്ക്കൊപ്പം ബൈക്ക്, ഓട്ടോ, ബസ്, മറ്റു ഹെവി വാഹനങ്ങള്‍ എന്നിവയുടെ ഡ്രൈവര്‍മാർക്കും കാല്‍നടയാത്രക്കാർക്കും പൊതുജനങ്ങൾക്കും ട്രാഫിക് നിയമങ്ങളെക്കുറിച്ചും ഡിഫന്‍സീവ് ഡ്രൈവിങ് രീതികളെക്കുറിച്ചും കൃത്യമായ ബോധവല്‍ക്കരണം നൽകുന്നുണ്ട്. ജില്ലയിലെ പൊലീസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് എല്ലാ ഓട്ടോ, ടാക്സി, ബസ് ഡ്രൈവര്‍മാര്‍ക്കും പ്രത്യേക ബോധവൽക്കരണം നടത്തുകയും ഗതാഗത സുരക്ഷയ്ക്ക് ഡ്രൈവർമാർ പാലിക്കേണ്ട നിര്‍ദേശങ്ങളടങ്ങിയ ലഘുപുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.
ഈ വർഷം ഇതുവരെ 343 വാഹനാപകടങ്ങൾ
ഈ വര്‍ഷം ഇതുവരെ ജില്ലയിൽ 343 റോഡപകടങ്ങള്‍ സംഭവിച്ചു. 25 പേര്‍ മരണപ്പെട്ടു. 290 പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും 108 പേര്‍ക്ക് നിസാര പരുക്കേല്‍ക്കുകയും ചെയ്തു. വാഹനപകടങ്ങള്‍ കുറയ്ക്കുന്നതിന് അതീവ ജാഗ്രത വേണമെന്നും അവധിക്കാല വിനോദ യാത്രകളും, മറ്റു യാത്രകളും ഏറെയുള്ള സമയമായതിനാല്‍ ഡ്രൈവര്‍മാര്‍ നന്നായി ശ്രദ്ധിക്കണമെന്നും പൊലീസ് അധികൃതർ അറിയിച്ചു.
അശ്രദ്ധരാവരുത്, ജാഗ്രത വേണം സദാസമയവും
റോഡിന്റെ ഇടതുവശം ചേര്‍ന്നു വാഹനമോടിക്കുക. മറ്റു വാഹനങ്ങളെ മറികടക്കുമ്പോള്‍ അവയുടെ വലതുവശത്തുകൂടി മാത്രം ചെയ്യുക. ഇന്‍ഡിക്കേറ്റര്‍ അനാവശ്യമായി ഓണ്‍ ചെയ്തു വാഹനം ഓടിക്കരുത്. വാഹനം വശങ്ങളിലേക്ക് തിരിക്കുന്നതിനോ, മറ്റു വാഹനങ്ങളെ മറികടക്കുന്നതിനോ നിര്‍ത്തുന്നതിനോ അല്‍പം മുമ്പേ തന്നെ സിഗ്‌നല്‍ നല്‍കുക. പിറകില്‍ വരുന്ന വാഹനങ്ങളും എതിരെ നിന്നു വരുന്ന വാഹനങ്ങളും ശ്രദ്ധിച്ച് അപകടമുണ്ടാവില്ലെന്നുറപ്പാക്കിയ ശേഷം മാത്രം വശങ്ങളിലേക്ക് തിരിയുകയോ ഓവര്‍ടേക്ക് ചെയ്യുകയോ നിര്‍ത്തുകയോ ചെയ്യുക. എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സൗകര്യപ്രദമായി പോകാന്‍ ആവശ്യമായ വഴിയുള്ളിടത്തുമാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ. വളവുകളിലും കവലകളിലും റോഡിന്റെ മുന്‍ഭാഗം കാണാന്‍ സാധിക്കാതിരിക്കുമ്പോഴും മറ്റു വാഹനങ്ങളെ മറികടക്കരുത്.
മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കണം. അപ്രതീക്ഷിതമായ അപകട സാധ്യത പോലും മുമ്പില്‍ കണ്ടുവേണം വാഹനമോടിക്കാന്‍. രാത്രിയില്‍ എതിര്‍വശത്തു നിന്നു വരുന്ന വാഹനങ്ങള്‍ക്ക് നിര്‍ബന്ധമായും ലൈറ്റ് ഡിം ചെയ്തു കൊടുക്കണം. റോഡിന്റെ മദ്ധ്യഭാഗത്ത് തുടര്‍ച്ചയായ വരയുണ്ടെങ്കില്‍ ആ വര ക്രോസ് ചെയ്യരുത്. ട്രാഫിക് സിഗ്‌നലുകള്‍ കൃത്യമായി അനുസരിക്കുക. സീബ്രാ ക്രോസിങ്ങുകളില്‍ കാത്തുനില്‍ക്കുന്ന കാല്‍നട യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുക. തളര്‍ച്ചയുണ്ടെങ്കില്‍ വാഹനം നിര്‍ത്തി വിശ്രമിച്ചശേഷം മാത്രം യാത്ര തുടരണമെന്നും പൊലീസ് നിര്‍ദേശിച്ചു


