ആധാർ ചട്ടങ്ങളിൽ നിർണായക മാറ്റങ്ങൾ: രേഖകളുടെ പുതിയ പട്ടിക പുറത്തിറക്കി

ന്യൂഡൽഹി:ആധാർ എൻറോൾമെന്‍റ്, അപ്‌ഡേഷൻ നടപടികളിൽ നിർണായക മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. കുട്ടികൾ, മുതിർന്നവർ, ട്രാൻസ്‌ജെൻഡറുകൾ, പ്രവാസികൾ, വിദേശികൾ എന്നിവർക്ക് ആധാർ എടുക്കുന്നതിനും വിവരങ്ങൾ പുതുക്കുന്നതിനും ഇനി മുതൽ പ്രത്യേക വിഭാഗങ്ങളിലായി തിരിച്ചുള്ള രേഖകൾ നൽകണം. ആധാർ സംവിധാനത്തിന്‍റെ സുതാര്യത വർധിപ്പിക്കുന്നതിനും വ്യാജരേഖകൾ തടയുന്നതിനുമാണ് യുണീക്ക് ഐഡനന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ 2016-ലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്.

 

 

കുട്ടികൾക്ക് കുടുംബനാഥന്റെ ആധാർ നിർബന്ധം

 

അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്‍റിന് കുടുംബനാഥൻ അധിഷ്ഠിത സംവിധാനം നിർബന്ധമാക്കി. മാതാപിതാക്കളുടെയോ നിയമപരമായ രക്ഷിതാക്കളുടെയോ സാധുവായ ആധാർ ഇതിനായി ആവശ്യമാണ്. കുട്ടിയുടെ ആധാറിലെ വിലാസം കുടുംബനാഥന്‍റെ ആധാറിലെ വിലാസത്തിന് തുല്യമായിരിക്കും. കുട്ടികളുടെ എൻറോൾമെന്‍റ് സമയത്ത് രക്ഷിതാക്കളിൽ ഒരാളുടെ ബയോമെട്രിക് സ്ഥിരീകരണം നിർബന്ധമാണ്. ജനന സർട്ടിഫിക്കറ്റാണ് ജനനത്തീയതി തെളിയിക്കുന്നതിനുള്ള പ്രധാന രേഖ.

 

മുതിർന്നവർക്കുള്ള രേഖകൾ

 

18 വയസിന് മുകളിലുള്ളവർക്ക് ആധാർ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള രേഖകളുടെ പട്ടിക വിപുലീകരിച്ചു. പാസ്‌പോർട്ട്, റേഷൻ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പെൻഷനർ കാർഡ്, ബാങ്ക് രേഖകൾ, വൈദ്യുതി-വെള്ളം-ഗ്യാസ് ബില്ലുകൾ, ഇൻഷുറൻസ് രേഖകൾ എന്നിവ ഇതിൽ ഉൾപ്പെടും. നൽകുന്ന രേഖകളെല്ലാം അതത് അഥോരിറ്റികൾക്ക് ഓൺലൈനായി പരിശോധിക്കാൻ കഴിയുന്നവയായിരിക്കണം.

 

ട്രാൻസ്‌ജെൻഡർമാർക്കും ഭിന്നശേഷിക്കാർക്കും ഇളവ്

 

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സർക്കാർ നൽകുന്ന ഐഡന്‍റിറ്റി കാർഡുകളോ സർട്ടിഫിക്കറ്റുകളോ തിരിച്ചറിയൽ രേഖയായും വിലാസം തെളിയിക്കാനും ഉപയോഗിക്കാം. പേരും ലിംഗമാറ്റവും ആധാറിൽ പുതുക്കാനും ഈ രേഖകൾ മതിയാകും. ഭിന്നശേഷിക്കാർ, അഗതിമന്ദിരങ്ങളിൽ കഴിയുന്നവർ, ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾ എന്നിവർക്കായി ജില്ലാ സോഷ്യൽ വെൽഫെയർ ഓഫീസർമാർ നൽകുന്ന സർട്ടിഫിക്കറ്റുകളും അംഗീകൃത രേഖകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

മറ്റ് പ്രധാന മാറ്റങ്ങൾ

 

വിലാസം തെളിയിക്കാൻ രേഖകളില്ലാത്തവർക്കായി എംപിമാർ, എംഎൽഎമാർ, തഹസിൽദാർമാർ, ഗസറ്റഡ് ഓഫീസർമാർ, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ എന്നിവർ നൽകുന്ന സർട്ടിഫിക്കറ്റുകൾ നിശ്ചിത സാഹചര്യങ്ങളിൽ അംഗീകരിക്കും.

 

നേപ്പാൾ, ഭൂട്ടാൻ പൗരന്മാർക്കും ഒസിഐ കാർഡുടമകൾക്കും നൽകുന്ന ആധാറിന് പത്തു വർഷത്തെ കാലാവധിയുണ്ടാകും. മറ്റ് വിദേശ പൗരന്മാരുടെ ആധാർ കാലാവധി അവരുടെ വിസയുടെയോ എഫ്ആർആർഒ രജിസ്ട്രേഷന്‍റെയോ കാലാവധിക്ക് തുല്യമായിരിക്കും. വ്യാജ രേഖകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാൻ പുതിയ കർശനമായ വെരിഫിക്കേഷൻ മാനദണ്ഡങ്ങൾ സഹായിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *