ഭാര്യ വളർത്തുമൃഗം അല്ല, അവർക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട്: സുപ്രീംകോടതി

ന്യൂഡൽഹി: ഭർത്താവ് ഭാര്യയെ മൃഗത്തെപ്പോലെ പരിഗണിക്കരുതെന്നും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം സ്ത്രീകൾക്കുണ്ടെന്നും സുപ്രീംകോടതി. ഗാർഹിക പീഡനക്കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ സുപ്രധാന ഇടപെടൽ. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ഈ കേസിൽ പട്‌ന ഹൈക്കോടതിയും പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.

 

ഗാർഹിക പീഡനക്കേസിൽ പ്രതിയായ ബിഹാർ സ്വദേശി സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. മദ്യലഹരിയിലായിരുന്ന പ്രതി തന്റെ ഭാര്യയെ ക്രൂരമായി മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

 

വടികൊണ്ടും കല്ലുകൊണ്ടും ഇയാൾ ഭാര്യയെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. മൂന്ന് വിവാഹം കഴിച്ച ഈ വ്യക്തിയുടെ ക്രൂരത കാരണം ആദ്യ രണ്ട് ഭാര്യമാരും ഇയാളെ ഉപേക്ഷിച്ചു പോയവരാണെന്നും നിരീക്ഷിച്ച കോടതി ഭാര്യയ്ക്ക് അഭിമാനത്തോടും അന്തസോടും കൂടി ജീവിക്കാനുള്ള എല്ലാ അവകാശമുണ്ടെന്നും അത് ഭർത്താവ് മനസ്സിലാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

 

അതേസമയം, കേസിൻ്റെ വിശദാംശങ്ങൾ പരിശോധിച്ച കോടതി പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കാൻ തയ്യാറായില്ല. എന്തിനാണ് ഭാര്യയെ ക്രൂരമായി മർദിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകനോട് കോടതി ചോദിച്ചു. പ്രതി ഉടൻ തന്നെ കീഴടങ്ങണമെന്നും പിന്നീട് ജാമ്യത്തിനായി ശ്രമിക്കാമെന്നും കോടതി പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *