ന്യൂഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയേക്കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പുതിയ ഫോർമുലയുമായി ഹൈക്കമാണ്ട്.മുഖ്യമന്ത്രിയാവണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്ന വി.ഡി.സതീശൻ, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ വിട്ടുവീഴ്ച്‌ചയ്ക്ക് തയ്യാറാവാതെ നിൽക്കുന്നതിനാലാണ് സമവായ സ്ഥാനാർത്ഥിയെന്ന രീതിയിൽ കെ. മുരളീധരെ മുന്നോട്ടുവച്ചിരിക്കുന്നത്.ഗ്രൂപ്പുകൾ സംവായത്തിലെത്തിയാൽ മുരളീധനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാനുള്ള സൂചനയുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ വടംവലി രൂക്ഷമാകുന്നതിനിടെ, മുതിർന്ന നേതാവ് കെ. മുരളീധരനെ ഭരണത്തലപ്പത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യവുമായി പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കായി വിവിധ ഗ്രൂപ്പുകൾ വാദിക്കുമ്പോഴാണ് കരുത്തനായ നേതാവെന്ന നിലയിൽ മുരളീധരൻ്റെ പേരും ചർച്ചകളിലേക്ക് വരുന്നത്. എല്ലാ വിഭാഗം ആളുകളെയും ഒരുമിച്ച് കൊണ്ടുപോകാൻ മുരളീധരന് സാധിക്കുമെന്നും, പാർട്ടിയെ പ്രതിസന്ധി ഘട്ടങ്ങളിൽ നയിച്ച അദ്ദേഹത്തിന് അർഹമായ പരിഗണന നൽകണമെന്നുമാണ് അനുകൂലികളുടെ വാദം. സോഷ്യൽ മീഡിയയിലും വിവിധ നഗരങ്ങളിലും മുരളീധരനെ പിന്തുണച്ചുകൊണ്ടുള്ള പ്രചാരണങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
മുരളീധരനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തും വടകരയിലും പ്രവർത്തകർ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. ‘കെ.പി.സി.സിയെ നയിച്ച നായകൻ കേരളത്തെ നയിക്കട്ടെ’ എന്ന മുദ്രാവാക്യമാണ് ഇവർ ഉയർത്തുന്നത്. കെ.സി. വേണുഗോപാലിനും വി.ഡി. സതീശനുമായി ചേരിതിരിഞ്ഞ് പോരടിക്കുന്ന കോൺഗ്രസിൽ മുരളീധരൻ്റെ വരവ് പുതിയൊരു ഗ്രൂപ്പ് സമവാക്യത്തിന് വഴിതുറന്നേക്കാം. ഉമ്മൻ ചാണ്ടിയുടെയും കരുണാകരൻ്റെയും കാലത്തെ ഗ്രൂപ്പ് രാഷ്ട്രീയത്തിൻ്റെ പുതിയ പതിപ്പാണ് ഇപ്പോൾ അരങ്ങേറുന്നതെന്ന വിമർശനവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. ഏതായാലും, മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് അണികൾക്കിടയിൽ അക്ഷമ വർദ്ധിപ്പിക്കുന്നു എന്നതിന് തെളിവാണ് മുരളീധരനായുള്ള ഈ പുതിയ മുറവിളി.

