കൽപ്പറ്റ: വയനാടൻ ചുരം കയറിയെത്തിയ ടി. സിദ്ദീഖ് പിന്നീട് ഇവിടുത്തുകാരുടെ പ്രിയ ജനപ്രതിനിധിയാവുകയായിരുന്നു. വിരുന്നുകാരനായി വന്ന് ഒടുവിൽ നാട്ടുകാരുടെ ഹൃദയത്തിൽ കൂടുകൂട്ടിയയാൾ ഇന്ന് വയനാട്ടുകാരുടെ മന്ത്രിയായി. 2021ൽ കൽപറ്റയിൽ നിന്ന് മത്സരിക്കാനായാണ് ചുരം കയറിയെത്തിയത്. കോഴിക്കോട് പെരുമണ്ണ സ്വദേശിയായ സിദ്ദീഖിനെ പരാജയങ്ങൾക്കൊടുവിൽ വിജയച്ചുരം കയറ്റിയതും ഈ നാടുതന്നെ. വയനാട് പാർലമെന്റ് മണ്ഡലത്തിലെ എം.പി ആയിരുന്ന എം.ഐ. ഷാനവാസിന്റെ നിര്യാണത്തെ തുടർന്ന് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സിദ്ദീഖിന്റെ പേരായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ, രാഹുൽ ഗാന്ധിയുടെ മാസ് എൻട്രിയോടെ സിദ്ദീഖിന് വഴിമാറിക്കൊടുക്കേണ്ടി വന്നു. തുടർന്നാണ് 2021ൽ നിയമസഭ തെരഞ്ഞെടുപ്പിൽ കൽപറ്റയിൽ മത്സരിച്ചതും ആർ.ജെ.ഡിയുടെ എം.വി. ശ്രേയാംസ്കുമാറിനെ 5470 വോട്ടിന് തോൽപ്പിക്കുന്നതും. അതിന് മുമ്പ് രണ്ട് മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം.
2014ൽ കാസർകോട് നിന്ന് ലോക്സഭയിലേക്ക് സി.പി.എമ്മിന്റെ പി. കരുണാകരനോടും, 2016ൽ കുന്ദമംഗലത്തുനിന്നും തോറ്റു. ഇത്തവണത്തെ മത്സരത്തിൽ ആർ.ജെ.ഡി.യുടെ എ.പി. അനിൽകുമാറിനെ 45,031 എന്ന കൽപറ്റ മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് മലർത്തിയടിച്ചത്. ആദ്യം എം.എൽ.എയായതിൽ പിന്നെ കഴിഞ്ഞ അഞ്ചുവർഷമായി കൽപറ്റയിൽ കോഴിക്കോട് റോഡിലെ എച്ച്.പി പെട്രോൾ പമ്പിന് സമീപമാണ് താമസം.
ഉരുൾദുരന്തത്തിലെ അതിജീവിതർക്കായി ഊണും ഉറക്കവുമില്ലാതെ ഓടിനടന്നുവെന്നത് എതിരാളികൾപോലും സമ്മതിക്കുന്ന കാര്യം. ടൗൺഷിപ്പ് ഉദ്ഘാടനച്ചടങ്ങിൽ സി.പി.എമ്മുകാർ സിദ്ദീഖിനെ കൂവിയത് അദ്ദേഹത്തിന് വോട്ടുകൂടാൻ മാത്രമിടയാക്കി. കോഴിക്കോട് പെരുമണ്ണ പന്നീര്‍ക്കുളം തുവക്കോട് വീട്ടില്‍ പരേതനായ കാസിം-നബീസ ദമ്പതികളുടെ മകൻ. 1974 ജൂണ്‍ ഒന്നിന് ജനനം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ്, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ്, കോഴിക്കോട് ഗവ. ലോ കോളജ് എന്നിവിടങ്ങളില്‍ പഠനം. ബികോം, എല്‍. എല്‍.ബി ബിരുദധാരിയാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും 2006ൽ സംസ്ഥാന പ്രസിഡന്റുമായി. കെ.പി.സി.സി അംഗം, ജനറല്‍ സെക്രട്ടറി, എ.ഐ.സി.സി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. ഭാര്യ: ഷറഫുന്നീസ. മക്കള്‍: ആദില്‍, ആഷിഖ്, സില്‍ യെസ്ദാന്‍.

