മാനന്തവാടി: മാനന്തവാടി ടൗണിൽ വെച്ച് വയോധികയുടെ മാല കവരാൻ ശ്രമിച്ച സംഭവത്തിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. പച്ച ചുരിദാറും കണ്ണടയും ധരിച്ച സ്ത്രീ വയോധികയെ പിന്തുടരുന്ന ദൃശ്യങ്ങളാണ് പോലീസ് മാധ്യമങ്ങൾ വഴി പുറത്തുവിട്ടത്.
സി.സി.ടി.വി ദൃശ്യങ്ങളിലുള്ള സ്ത്രീയെക്കുറിച്ചോ പ്രതികളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടനടി പോലീസുമായി ബന്ധപ്പെടണമെന്ന് മാനന്തവാടി എ.എസ്.പി കാർത്തിക് ഐ.പി.എസ് അഭ്യർത്ഥിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ബസ് സ്റ്റാൻഡുകളിലും പ്രധാന വിപണികളിലും ആളുകൾ തടിച്ചുകൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി.
കവർച്ചാ സംഘങ്ങളെ പിടികൂടാൻ ബസ്-ഓട്ടോ തൊഴിലാളി യൂണിയനുകളും, കെ.എസ്.ആർ.ടി.സി ജീവനക്കാരും പൊതുജനങ്ങളും പോലീസിനെ സഹായിക്കണമെന്നും, സംശയസാഹചര്യങ്ങളിൽ കാണുന്നവരെക്കുറിച്ച് അടിയന്തരമായി പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്നും എ.എസ്.പി കൂട്ടിച്ചേർത്തു.
