ജോലിക്കുനിന്ന വീട്ടില്‍നിന്ന് 31 പവൻ കവര്‍ന്ന വയനാട് സ്വദേശിനി പോലീസ് പിടിയില്‍

കണ്ണൂർ:ഉളിക്കല്‍ മണിക്കടവില്‍ ജോലിക്കുനിന്ന വീട്ടില്‍നിന്ന് 31 പവൻ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ വയനാട് പെരിയ സ്വദേശി ഉച്ചപ്പള്ളി പ്രേമയെ (50) ഉളിക്കല്‍ പൊലീസ് പിടികൂടി. ന്യായപ്പള്ളി ഈപ്പന്റെ വീട്ടില്‍നിന്നാണു സ്വർണം മോഷ്ടിച്ചത്. ഈപ്പന്റെ മകള്‍ നിമ്മിയുടെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഈപ്പനെയും ഭാര്യയെയും പരിചരിക്കാൻ 3 വർഷം മുൻപാണു പ്രേമ മണിക്കടവിലെ വീട്ടിലെത്തിയത്. ഭാര്യയുടെ മരണശേഷം ഈപ്പൻ മകള്‍ക്കൊപ്പം കുറച്ചുനാള്‍ ബെംഗളൂരുവിലായിരുന്നു.

 

ഈ സമയത്തായിരുന്നു മോഷണം. അലമാരയിലും മേശയിലും സൂക്ഷിച്ചിരുന്ന സ്വർണമെടുത്ത ശേഷം പകരം ഇതേ ഡിസൈനിലുള്ള മുക്കുപണ്ടം വയ്ക്കുകയായിരുന്നു. ഈപ്പനും കുടുംബവും നാട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. 30 ലക്ഷത്തോളം വിലവരുന്ന മാല, വള, നെക്‌ലസ്, മോതിരം, ലോക്കറ്റ്, പാദസരം തുടങ്ങിയവയാണ് മോഷ്ടിച്ചത്.

 

സ്വർണാഭരണങ്ങള്‍ക്ക് സമാനമായ മുക്കുപണ്ടങ്ങള്‍ കണ്ടെത്തുന്നതിനായി യഥാർഥ ആഭരണങ്ങളുടെയും മുക്കുപണ്ടത്തിന്റെയും ചിത്രങ്ങള്‍ പ്രതി ഫോണില്‍ സൂക്ഷിച്ചതാണു കേസില്‍ വഴിത്തിരിവായത്.മോഷണവിവരം അറിഞ്ഞ വീട്ടുകാർ പ്രതിയോടു സംശയം തോന്നാത്ത വിധം പെരുമാറി, പ്രതിയുടെ ഫോണ്‍ പരിശോധിച്ചാണ് ഇക്കാര്യം കണ്ടെത്തിയത്. തുടർന്നു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.എസ്‌ഐ രാധാകൃഷ്ണൻ, എഎസ്‌ഐ പി.വി.രാജേഷ്, ടി.ജെ.ഷിജിമോള്‍, കെ.കെ.രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!