തിരുവനന്തപുരം:ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി സി പി ജോൺ. സർക്കാരിന് വ്യക്തമായ പ്ലാൻ ഉണ്ട്. ജീവനക്കാർക്ക് ആശങ്ക വേണ്ട. ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും കിട്ടും.എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസിക്ക് സർക്കാർ അധിക സഹായം നൽകുമെന്നും കെഎസ്ആർടിസിയെ നഷ്ടമല്ലാത്ത സ്ഥിതിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സമ്പത്തുണ്ട്, അതിനെ ഉപയോഗപ്പെടുത്തും. ഏതൊക്കെ സർവീസുകളിൽ സൗജന്യം എന്നതിൽ ചർച്ച തുടരുകയാണ്. തൊഴിലിടത്തേക്ക് പോകുന്ന സ്ത്രീകൾക്ക് കൈത്താങ്ങാകും. സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാഹനമോഡിഫിക്കേഷനിൽ യോഗം ചേർന്നിട്ടില്ലെന്നും മന്ത്രി സിപി ജോൺ
അതേസമയം കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വൻ നഷ്ടമുണ്ടാകുമെന്നാണ് ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്. 112 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ട്. മൂന്നുമാസത്തെ കണക്കാണ് വിലയിരുത്തിയത്. ഓർഡിനറി ബസിൽ മാത്രമെങ്കിൽ 57 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂൺ 15 മുതലാണ് യുഡിഎഫ് സർക്കാർ സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കുന്നത് .

