സൂപ്പർമാർക്കറ്റ് തീപിടുത്തം; ഉടമയെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു

വയനാട് തലപ്പുഴ ടൗണിലെ ഗ്രാൻഡ് കെ.സി സൂപ്പർമാർക്കറ്റ് തീപിടുത്ത കേസിൽ ഉടമയെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഉടമ തന്നെ സ്ഥാപനത്തിന് തീയിട്ടതാണെന്ന പോലീസിന്റെ കണ്ടെത്തൽ തെളിവുകളുടെ അഭാവത്തിൽ ജില്ലാ സെഷൻസ് കോടതി തള്ളുകയായിരുന്നു. വാളാട് സ്വദേശി കെ.സി. റഊഫിനെയാണ് കോടതി കുറ്റവിമുക്തനാക്കിയത്.

 

2024 ഫെബ്രുവരി 26-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. തീപിടുത്തത്തിൽ ഗ്രാൻഡ് കെ.സി സൂപ്പർമാർക്കറ്റ് പൂർണ്ണമായും കത്തിനശിക്കുകയും സമീപത്തെ ഇസാഫ് ബാങ്കിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ഇൻഷുറൻസ് തുക ലക്ഷ്യമിട്ട് ഉടമ തന്നെ തീയിട്ടതാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റഊഫിനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചത്.എന്നാൽ, സൂപ്പർമാർക്കറ്റിനായി ഉടമ പ്രത്യേകമായി ഇൻഷുറൻസ് എടുത്തിരുന്നില്ലെന്ന് വിചാരണ വേളയിൽ വ്യക്തമായി. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് ബാങ്ക് സാധാരണയായി ചെയ്യുന്ന ഇൻഷുറൻസ് പരിരക്ഷ മാത്രമാണ് സ്ഥാപനത്തിനുണ്ടായിരുന്നത്. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.

 

തൊട്ടടുത്ത ‘ഉപാസന’ എന്ന ഫർണ്ണിച്ചർ കടയുടെ ഉടമയാണ് റഊഫിനെതിരെ പ്രധാനമായും ആരോപണം ഉന്നയിച്ചിരുന്നത്. തന്റെ കടയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചെന്നായിരുന്നു പരാതിക്കാരന്റെ വാദം. എന്നാൽ ഈ സ്ഥാപനത്തിന് യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട വകുപ്പുകൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.

 

തീപിടുത്തത്തിൽ ഏകദേശം 72 ലക്ഷം രൂപയുടെ നഷ്ടമാണ് റഊഫിനുണ്ടായത്. സാമ്പത്തിക നഷ്ടത്തെക്കാൾ ഉപരി, ചെയ്യാത്ത കുറ്റത്തിന് പ്രതിയാക്കപ്പെട്ടത് തന്നെ മാനസികമായി ഏറെ തളർത്തിയെന്നും വൈകിയാണെങ്കിലും നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും റഊഫ് പ്രതികരിച്ചു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. രാജേഷ് കെ ഹാജരായി.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *