സംസ്ഥാനത്ത് അധ്യായന വർഷം ആരംഭിക്കാനിരിക്കെ സ്കൂൾ കുട്ടികൾക്ക് ആവശ്യമായ നോട്ട്ബുക്കുകളും മറ്റ് പഠനോപകരണങ്ങളും വില്പന നടത്തി വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകർ ചൂഷണം ചെയ്യുന്നു.
സ്വകാര്യ സ്കൂളുകളാണ് ഈ കള്ളക്കച്ചവടത്തിന് മുൻപിൽ, സ്കൂളുകളിൽ ഇത്തരത്തിലുള്ള യാതൊരു വില്പനയും പാടില്ല എന്ന സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് ഒരു കൂട്ടം അധ്യാപകർ സ്കൂൾ നോട്ടുബുക്കുകളും മറ്റ് പഠനോപകരണങ്ങളും വില്പന നടത്തി ഈ രംഗത്ത് നിലനിൽക്കുന്ന ചെറുകിട കച്ചവടക്കാരെ കഷ്ടത്തിലാക്കി വൻതോതിൽ ലാഭം കൊയ്യുന്നത്.
പേരിന് സ്കൂളിൻറെ ഒരു പേര് നോട്ടുബുക്കുകളിലും യൂണിഫോമിലും അച്ചടിച്ചാണ് ഈ തട്ടിപ്പിന് അംഗീകാരം നേടുന്നത്. പുറത്ത് കടകളിൽ നിന്നും വാങ്ങുന്നതിനേക്കാൾ കൂടുതൽ പണം കൊടുത്ത് ഇവ വാങ്ങാൻ മടിക്കുന്ന രക്ഷിതാക്കളെ കുട്ടികളുടെ പഠനം മുടങ്ങും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. അതുകൊണ്ടുതന്നെ പൊതു മാർക്കറ്റിൽ നിന്ന് കിട്ടുന്നതിനേക്കാൾ കൂടുതൽ വിലകൊടുത്തു സ്കൂളുകളിൽ നിന്നും തങ്ങളുടെ മക്കൾക്ക് വേണ്ട നോട്ട്ബുക്കുകളും മറ്റു പഠനോപകരണങ്ങളും വാങ്ങേണ്ട ഗതികേടിലാണ് രക്ഷിതാക്കൾ.
അത് മാത്രമല്ല വർഷത്തിൽ ഒരു തവണ മാത്രം തങ്ങളുടെ വ്യാപാര സീസൺ ആയ സ്കൂൾ തുറക്കുന്ന സമയത്ത് അതുകൂടി മുടക്കുന്ന തരത്തിൽ അധ്യാപകർ നടത്തുന്ന അനധികൃത കച്ചവടം മൂലം ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിലാണ്. മറ്റു കച്ചവടക്കാർക്ക് പെരുന്നാൾ ഓണം തുടങ്ങി ഉത്സവ സീസണുകളിൽ എല്ലാം കച്ചവടം നടക്കും എങ്കിൽ സ്കൂളുകളെ ആശ്രയിച്ച് കച്ചവടം നടത്തുന്ന കച്ചവടക്കാർക്ക് ആകെയുള്ള ആശ്രയം സ്കൂൾ തുറക്കുന്ന സമയം മാത്രമാണ്, അതിനാണ് നല്ല ശമ്പളം വാങ്ങി ജോലി ചെയ്യുന്ന അധ്യാപകർ പാര വെക്കുന്നത്. ചില സ്കൂളിലെല്ലാം ലക്ഷക്കണക്കിന് രൂപയുടെ കച്ചവടമാണ് ഇവർ നടത്തുന്നത്. ഇവർക്ക് ജിഎസ്ടി ഇല്ല, മറ്റു നികുതികൾ ഇല്ല, കച്ചവട ലൈസൻസ് ഇല്ല. ഇതെല്ലാം നൽകി കച്ചവടം നടത്തുന്ന കച്ചവടക്കാരെ ദുരിതത്തിലാക്കുന്ന ഈ നടപടി ഉടനെ അവസാനിപ്പിക്കണമെന്നും അതിനായി സർക്കാർ ഇടപെടണമെന്നുമാണ് കച്ചവടക്കാർ ആവശ്യപ്പെടുന്നത്.

