. പേര്യ: മാനന്തവാടി-കണ്ണൂർ റോഡിൽ പേരിയ 37-ൽ കൂറ്റൻ മരം കടപുഴകി വീണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കൊട്ടിയൂർ വൈശാഖ മഹോത്സവം നടക്കുന്ന സമയമായതിനാൽ റോഡിൽ വാഹനങ്ങളുടെ വലിയ തിരക്കാണുണ്ടായിരുന്നത്. മരം വീണതോടെ തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ വഴിയിൽ കുടുങ്ങുകയും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും ചെയ്തു.
വിവരമറിഞ്ഞ് മാനന്തവാടിയിൽ നിന്നും അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. ഏകദേശം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മരം മുറിച്ചുമാറ്റി ഗതാഗത തടസ്സം ഒഴിവാക്കിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ഒ.ജി. പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രമേശ് എം.പി, രാജേഷ് പി.കെ, ശ്രീകാന്ത് എ.എസ്, അനുരാഗ് പി.ഡി, അജിൽ കെ, ആനന്ദ് എ, ഹോം ഗാർഡ് ഷൈജു മാത്യു എന്നിവർ മരം മുറിച്ചുനീക്കുന്ന ദൗത്യത്തിൽ പങ്കാളികളായി. നിലവിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

