തിരുവനന്തപുരം:പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഡ്രൈ ഡേ ആചരിക്കുക. ആരോഗ്യ മന്ത്രി അധ്യക്ഷനായുള്ള ജില്ലാ കലക്ടര്‍മാരുടെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെയും അവലോകന യോഗത്തിലാണ് തീരുമാനം
ഡ്രൈ ഡേയുടെ ഭാഗമായി വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച സര്‍ക്കാര്‍സ്വകാര്യ ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കൊതുക് വളരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്നതിനും പരിസര ശുചിത്വം ഉറപ്പാക്കുന്നതിനുമാണ് പ്രത്യേക ശ്രദ്ധ നല്‍കുക.സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. പാലക്കാട് ഇന്ന് ഒരാള്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. കരിമ്പുഴ ആറ്റാശേരി സ്വദേശി ജിജോ മോഹന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ ആളാണ് ജിജോ. അതേസമയം, കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു. വളയത്ത് താമസിക്കുന്ന അതിഥി തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. വളയം ടൗണ്‍ ഉള്‍പ്പെടുന്ന 14ാം വാര്‍ഡില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഈ ആഴ്ച മാത്രം കോഴിക്കോട് ജില്ലയില്‍ മൂന്ന് പേര്‍ക്കാണ് മലേറിയ സ്ഥിരീകരിച്ചത്.
ജൂണ്‍ 17 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 1,67,222 പേരാണ് വിവിധ തരത്തിലുള്ള പനിബാധയെ തുടര്‍ന്ന് ചികിത്സ തേടിയത്. ഈ മാസം മാത്രം 924 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കാനും സംസ്ഥാനത്തെ എല്ലാ വകുപ്പുകള്‍ക്കും ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.


