റൊണാൾഡോയും സംഘവും ഇന്ന് കളത്തിൽ തങ്ങളുടെ ആദ്യ അങ്കത്തിന് ബൂട്ടണിയാൻ തയ്യാറെടുത്ത് പറങ്കിപ്പട. കിരീടപ്രതീക്ഷയുമായി അമേരിക്കയിലേക്ക് വിമാനം കയറിയ റൊണാൾഡോയ്ക്കും സംഘത്തിനും ഇന്ന് 2026 ലോകകപ്പിലെ ആദ്യമത്സരം. കോംഗോയാണ് പോർച്ചുഗലിന്റെ ഈ വർഷത്തെ ആദ്യ എതിരാളികൾ. രാത്രി 10:30ന് ഹ്യൂസ്റ്റൺ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം അരങ്ങേറുന്നത്.
വളരെ മികച്ച സ്ക്വാഡുമായി തന്നെയാണ് റൊണാൾഡോയും സംഘവും 2026 ഫിഫ ലോകകപ്പിനെത്തുന്നത്. പ്രായം നാൽപ്പത്തിയൊന്നെങ്കിലും ഒരങ്കത്തിന് കൂടി ബൂട്ടണിയാനുള്ള ബാല്യം റൊണാൾഡോയിൽ ബാക്കിയുണ്ടെന്ന് ഫുട്‌ബോൾ നിരീക്ഷകരും അഭിപ്രായപ്പെടുന്നു. കിരീടത്തിൽ കുറഞ്ഞത് ഒന്നും തന്നെ തന്റെ ആറാം ലോകകപ്പിന് മൈതാനത്തിറങ്ങുമ്പോഴും റോണോയുടെ മുന്നിലില്ല. പോർച്ചുഗലിയന്റെ കളിയുമായി ഒത്തുനോക്കുമ്പോൾ കോംഗോ ദുർബലരാണ് എന്നത് പറങ്കിപ്പടയുടെ ആരാധകക്കൂട്ടത്തിന് ആത്മവിശ്വാസം പകരുന്ന ഘടകമാണ്. എങ്കിലും കുഞ്ഞൻ ടീമുകൾ തീർക്കുന്ന പ്രതിരോധം വമ്പന്മാരെ എത്രത്തോളം വലയ്ക്കുന്നുണ്ടെന്ന് ഇതിനോടകം തന്നെ ഈ ലോകകപ്പിൽ നിരവധി മത്സരങ്ങളിൽ കണ്ടു കഴിഞ്ഞു.

