പള്ളിക്കുന്ന് – വെണ്ണിയോട് റോഡിൻ്റെ പുനർനിർമാണത്തിന് അഞ്ച് കോടി : മന്ത്രി ടി.സിദ്ധിഖ്

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ പള്ളിക്കുന്ന് – വെണ്ണിയോട് റോഡിന്റെ പുനർനിർമാണത്തിന് ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചതായി കാർഷിക വികസന – ക‍ർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ധിഖ്. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പി.എച്ച്.സി കല്ലുമൊട്ടംകുന്ന് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലേക്ക് യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് തീർത്ഥാടകർ, വിദ്യാർത്ഥികൾ, വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ, പ്രദേശവാസികൾ എന്നിവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ പള്ളിക്കുന്ന് – വെണ്ണിയോട് റോഡിന്റെ നവീകരണം സാധ്യമാക്കും. ജില്ലയിലെ മറ്റ് റോഡുകളുടെയും അപ്രോച്ച് റോഡുകളുടെയും നവീകരണ പ്രവൃത്തികളിൽ കൃത്യമായ ഇടപെടൽ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

 

കോട്ടത്തറ പഞ്ചായത്തിലെ ഷെൽട്ട‍ർ ഹോം നിർമാണം പുരോഗമിക്കുകയാണ്. സാസ്കി പദ്ധതിയിൽ ഉൾപ്പെടുത്തി വെറ്ററിനറി കേന്ദ്രം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കോട്ടത്തറ ഗ്രാമപഞ്ചായത്ത് മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കാർഷിക രംഗത്ത് നടപ്പാക്കേണ്ട ഇടപെടലുകൾ സംബന്ധിച്ച് പൊതുജനങ്ങളും, തദ്ദേശസ്ഥാപനങ്ങളും അഭിപ്രായം അറിയിക്കണമെന്നും അതിന്മേൽ സാധ്യമായ തുട‍ർ നടപടികൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വനിതാ ക‍ർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്ത് ആദ്യമായി സംസ്ഥാന സ‍ർക്കാർ അഞ്ച് വ‍ർഷത്തെ പദ്ധതി പ്രഖ്യാപിക്കുകയും പ്രാഥമിക ചെലവുകൾക്കായി മൂന്നര കോടി രൂപ മാറ്റിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. കാർഷിക മേഖലയിൽ വന്യമൃഗ ശല്യം പരിഹരിക്കുന്നതിനുള്ള ആശയങ്ങൾ സ്വീകരിക്കുന്നതിന് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന മോഡൽ കോൺക്ലേവ് അടുത്ത മാസം നടക്കും. എല്ലാ മേഖലകളിലുമുള്ള പ്രശ്നങ്ങൾ നീതിപൂർവം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 

സി.എം.എൽ.ആ‍ർ.ആ‍ര്‍.പി പദ്ധതിയിൽ ഉൾപ്പെടുത്തി 39 ലക്ഷവും ഗ്രാമപഞ്ചായത്ത് വിഹിതമായ 11 ലക്ഷവും ഉൾപ്പെടെ 50 ലക്ഷം രൂപ ചെലവഴിച്ചാണ് പി.എച്ച്.സി കല്ലുമൊട്ടം കുന്ന് റോഡ് നവീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത അധ്യക്ഷയായ പരിപാടിയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.സി അജീഷ്, സ്റ്റാൻ്റിങ് കമ്മിറ്റി ചെയ‍ർപേഴ്സൺമാരായ ഇ.ആ‍ർ പുഷ്പ, പി.പി രനീഷ്, ലീലാമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം എം സുനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ജി. ജെനിമോൾ തുടങ്ങിയവർ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *