രാജ്യത്ത് വിപണിയിലിറങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര ഡ്രഗ്സ് റഗുലേറ്ററി അഥോറിറ്റി മേയ് മാസത്തിൽ നടത്തിയ പ്രതിമാസ പരിശോധനയിൽ 159 മരുന്ന് സാമ്പിളുകൾ നിശ്ചിത ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. ഇതോടൊപ്പം അസമിൽ നിന്ന് ശേഖരിച്ച ഒരു മരുന്ന് സാമ്പിൾ പൂർണമായും വ്യാജനാണെന്നും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ ആകെ 159 സാമ്പിളുകളിൽ 46 എണ്ണം കേന്ദ്ര ലബോറട്ടറികളിലെ പരിശോധനയിലാണ് പരാജയപ്പെട്ടത്. ബാക്കി 113 സാമ്പിളുകൾ വിവിധ സംസ്ഥാനങ്ങളിലെ ഡ്രഗ് ടെസ്റ്റിംഗ് ലാബുകളാണ് കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തെ പരിശോധനയിൽ 169 സാമ്പിളുകൾ ഗുണനിലവാരമില്ലാത്തതായും ഒരെണ്ണം വ്യാജനായും കണ്ടെത്തിയിരുന്നു.
സാധാരണക്കാർ നിത്യേന ആശ്രയിക്കുന്ന പ്രമുഖ കമ്പനികളുടെ മരുന്നുകളും ഉൾപ്പെട്ടിട്ടുണ്ടെന്നത് ആശങ്ക വർധിപ്പിക്കുന്നു. പാരസിറ്റമോൾ, പ്രമേഹ രോഗികൾ ഉപയോഗിക്കുന്ന മെറ്റ്ഫോർമിൻ കോമ്പോകൾ , ആന്റിബയോട്ടിക്കായ അമോക്സിലിൻ ഫോർമുലേഷനുകൾ, വിവിധ വിറ്റാമിൻ സപ്ലിമെന്റുകൾ, ചുമയ്ക്കുള്ള സിറപ്പുകൾ തുടങ്ങിയവയുടെ ചില ബാച്ചുകളാണ് പരിശോധനയിൽ പരാജയപ്പെട്ടത്.
അസമിൽ നിന്ന് പിടിച്ചെടുത്ത വ്യാജ മരുന്ന് മറ്റൊരു പ്രമുഖ കമ്പനിയുടെ ബ്രാൻഡ് നാമം ദുരുപയോഗം ചെയ്ത് അനധികൃത നിർമാതാക്കൾ നിർമിച്ചതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ വ്യാജ മരുന്നിന്റെ കൃത്യമായ രാസഘടനയും രോഗവിവരങ്ങളും അഥോറിറ്റി നിലവിൽ പുറത്തുവിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണം പുരോഗമിക്കുകയാണ്.
1940-ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം, ഉപഭോക്താക്കളെ വഞ്ചിക്കുന്ന രീതിയിൽ മറ്റൊരു മരുന്നിന്റെയോ കമ്പനിയുടെയോ പേര് വ്യാജമായി ഉപയോഗിച്ച് നിർമിക്കുന്നവയാണ് സ്പൂരിയസ് (വ്യാജൻ) എന്ന വിഭാഗത്തിൽ വരുന്നത്. ജനങ്ങളുടെ ആരോഗ്യം മുൻനിർത്തി ഇത്തരം ഗുണനിലവാരമില്ലാത്തതും വ്യാജവുമായ മരുന്നുകൾ വിപണിയിൽ നിന്ന് ഉടൻ പിടിച്ചെടുക്കാനും ഒഴിവാക്കാനും സംസ്ഥാന ഡ്രഗ് റഗുലേറ്റർമാരുമായി ചേർന്ന് കർശന നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.

