മേപ്പാടി : കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെത്തുടർന്ന് മേഖലയിൽ പട്രോളിംഗും സുരക്ഷയും ശക്തമാക്കി കേരള പോലീസ്. കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസ്, വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വെഹിക്കിൾ പട്രോളിംഗ്, ട്രാഫിക് നിയന്ത്രണം, ദുരന്തമേഖലയിലെ തിരച്ചിൽ ഏകോപനം എന്നിവയ്ക്കായി 24 മണിക്കൂറും പോലീസ് സംഘം സ്ഥലത്തുണ്ട്.
ദുരന്തം നടന്ന ഉടൻ തന്നെ മേപ്പാടി പോലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചേർന്ന് നടത്തിയ സാഹസികമായ രക്ഷാപ്രവർത്തനം കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ സഹായിച്ചു. സ്റ്റേഷൻ എസ്.എച്ച്.ഒ സായൂജ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐ ജെയ്സൻ എന്നിവരടങ്ങിയ സംഘം വടം കെട്ടിയാണ് മറുകരയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. നിലവിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡിവൈ.എസ്.പിമാർ, എസ്.എച്ച്.ഒമാർ ഉൾപ്പെടെ അഞ്ഞൂറോളം പോലീസ് ഉദ്യോഗസ്ഥരെയാണ് ദുരന്തമുഖത്ത് വിന്യസിച്ചിരിക്കുന്നത്.
മഴക്കാല ജാഗ്രതാ നിർദ്ദേശങ്ങൾ:
മഴ കനക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി വയനാട് പോലീസ് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു:
1. കനത്ത മഴയുള്ള സമയങ്ങളിൽ അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക.
2. മണ്ണിടിച്ചിൽ സാധ്യതയുള്ള മലഞ്ചെരിവുകളിലും കുന്നിൻ പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കുക.
3. രാത്രികാല യാത്രകൾ കഴിയുന്നത്ര ഒഴിവാക്കുക.
4. മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ, അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ എന്നിവയുടെ സമീപത്ത് വാഹനങ്ങൾ പാർക്ക് ചെയ്യരുത്.
5. ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ മാത്രം വിശ്വസിക്കുക, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്.
അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 112 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
