സിംഹത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. അമ്രേലിയിലെ ലുവാരിയ റിസർവ് വനത്തിലായിരുന്നു സംഭവം. 21-കാരനായ സൊഹില്‍ മേമൻ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. മേഖലയില്‍ ഒരുമാസത്തിനിടെ സിംഹം മനുഷ്യരെ ആക്രമിക്കുന്ന നാലാമത്തെ സംഭവമാണിത്.

 

യുവാവും സംഘവും സിംഹങ്ങളെ കാണാനായാണ് കഴിഞ്ഞദിവസം രാത്രി വനത്തിനുള്ളില്‍ കടന്നതെന്നാണ് അധികൃതർ പറയുന്നത്. സിംഹങ്ങളെ കൂടുതല്‍ അടുത്തുകാണാനായാണ് യുവാക്കളുടെ സംഘം വനത്തിനകത്ത് പ്രവേശിച്ചത്. ആണ്‍സിംഹവും പെണ്‍സിംഹവും ഇണചേരുന്നതാണ് യുവാക്കള്‍ കണ്ടത്. തുടർന്ന് സിംഹങ്ങളുടെ അടുത്തുചെന്ന് പ്രകോപിപ്പിച്ചെന്നും ഇതോടെ ആണ്‍സിംഹം യുവാവിനെ ആക്രമിച്ചെന്നും വലിച്ചിഴച്ച്‌ വനത്തിനുള്ളിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയാണുണ്ടായതെന്നും അധികൃതർ പറഞ്ഞു.

 

യുവാവിനെ കടിച്ചുകീറിയ ശേഷം സിംഹം മൃതദേഹത്തിന് സമീപത്തുതന്നെ നിലയുറപ്പിച്ചിരുന്നു. ഇതിനിടെ കൂടുതല്‍ സിംഹങ്ങളും ഇവിടെയെത്തി. വനംവകുപ്പ് അധികൃതർ ഏറെ പണിപ്പെട്ടാണ് ഇവയെ സ്ഥലത്തുനിന്ന് മാറ്റിയത്. തുടർന്നാണ് യുവാവിന്റെ മൃതദേഹം വീണ്ടെടുത്തത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *