ബോയ്സ്ടൗൺ:ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും അപകട സാധ്യത കണക്കിലെടുത്തു കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്സ്ടൗൺ-പാൽചുരം റോഡിൽ ഇന്ന് ( 2026 ആഗസ്റ്റ് 1) വൈകീട്ട് 6 മണി മുതൽ നാളെ (2026 ആഗസ്റ്റ് 2) രാവിലെ 6 മണി വരെ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടിച്ചിട്ടുണ്ട്. ഈ സമയം റോഡ് ഗതാഗതം തടയുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിക്കണം.
ചുരത്തിലെ ചെകുത്താൻ റോഡിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. റോഡിലേക്ക് വൻതോതിൽ കല്ലും മണ്ണും ഇടിഞ്ഞു വീണതിനെത്തുടർന്ന് പാതയിലുടനീളം ഗതാഗതം പൂർണ്ണമായും നിലച്ചു.
നിലവിൽ ഈ പാതയിലൂടെ ഒരു വാഹനത്തിനും കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കനത്ത മഴ തുടരുന്നതിനാൽ പ്രദേശത്ത് ഇനിയും മണ്ണിടിയാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഉടൻ ആരംഭിക്കുമെങ്കിലും പ്രതികൂല കാലാവസ്ഥ വെല്ലുവിളിയുയർത്തുന്നുണ്ട്.
