മഴക്കെടുതി: സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ല, തിരുവല്ലയിൽ മാത്രമാണ് പ്രശ്നമുള്ളത്: മന്ത്രി എ പി അനിൽ കുമാർ

സംസ്ഥാനത്തെ മഴക്കെടുതിയില്‍ പ്രതികരണവുമായി റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍. ദുരന്തനിവാരണത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും നിലവില്‍ തിരുവല്ലയില്‍ മാത്രമാണ് പ്രശ്‌നമുള്ളതെന്നും മന്ത്രി പറഞ്ഞു. ദുരന്ത മേഖലാ സന്ദർശനത്തിൽ മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രി വേണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പ് വേണ്ടയിടങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ടെന്നും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സര്‍ക്കാര്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി. ആകെ ഒരു ക്യാമ്പില്‍ നിന്ന് മാത്രമാണ് പരാതി വന്നതെന്നും അത് ഉടന്‍ തന്നെ പരിഹരിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ആറന്മുള ക്യാമ്പില്‍ പ്രഭാത ഭക്ഷണം എത്തിയില്ലെന്ന പരാതിയാണ് ഉയര്‍ന്നത് അത് അപ്പോള്‍ തന്നെ പരിഹരിച്ചു’ എന്നാണ് മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞത്. സര്‍ക്കാരിന് ഒരു പാളിച്ചകളും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജാഗ്രതാ മുന്നറിയിപ്പ് കൊടുത്തില്ലെന്ന പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. ‘അലേര്‍ട്ട് നല്‍കേണ്ടത് കാലാവസ്ഥ വകുപ്പാണ് സര്‍ക്കാര്‍ അല്ല’ എന്നാണ് മന്ത്രി പ്രതികരിച്ചത്. മുന്നറിയിപ്പില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തങ്ങളുടെ കുഴപ്പമല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് തങ്ങള്‍ക്ക് തരുന്ന മുന്നറിയിപ്പ് അതാത് സമയങ്ങളില്‍ നല്‍കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2018ലെ പ്രളയം വലിയ പാഠമായിരുന്നു എന്നും അതില്‍ നിന്ന് എന്ത് പഠിച്ചു എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *