നാടുകാണി – പരപ്പനങ്ങാടി റോഡ് ഗതാഗതത്തിനായി സജ്ജമായി

പാണക്കാട് : കഴിഞ്ഞ ദിവസം മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം പൂർണമായും നിലച്ച നാടുകാണി – പരപ്പനങ്ങാടി സംസ്ഥാനപാതയിലെ മണ്ണ് പൂർണമായും നീക്കം ചെയ്ത് ഗതാഗതത്തിന് സജ്ജമായി. ബുധനാഴ്ച്ച രാവിലെ 7 മണിമുതൽ മലപ്പുറം അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മൂന്ന് മണ്ണുമാന്തി യന്ത്രങ്ങളുടെയും 12 ടോറസ് ലോറികളുടെയും 11 ടിപ്പർ ലോറികളുടെയും സഹായത്തോടെ 135 ലോഡ് മണ്ണ്കൂടി നീക്കം ചെയ്താണ് റോഡ് പൂർണതോതിൽ ഗതാഗത യോഗ്യമാക്കിയത്.

 

ചൊവ്വാഴ്ച നാല് മണ്ണുമാന്തി യന്ത്രങ്ങളും 47 ലോറികളിലുമായി 238 ലോഡ് മണ്ണ് ആണ് നീക്കം ചെയ്തിരുന്നത്. ഇതോടെ തിങ്കളാഴ്ച രാവിലെ മണ്ണിടിച്ചിലിനെത്തുടർന്ന് പാണക്കാട് എടായിപ്പാലത്ത് റോഡിൽ വന്നടിഞ്ഞ 373 ലോഡ് മണ്ണാണ് ആകെ നീക്കം ചെയ്തത്.

 

മണ്ണ് പൂർണമായും നീക്കിയെങ്കിലും റോഡിലെ ചെളി വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാവുമെന്ന സാഹചര്യത്തിൽ മലപ്പുറം അഗ്നിരക്ഷാ സേനയുടെ മൊബൈൽ ടാങ്ക് യൂണിറ്റ് രണ്ടര മണിക്കൂറോളം വെള്ളം പമ്പ് ചെയ്ത് റോഡിലെ ചെളി പൂർണമായും നീക്കം ചെയ്താണ് ഗതാഗത സജ്ജമാക്കിയത്.

 

മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, അസി. സ്റ്റേഷൻ ഓഫീസർ കെ. പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മലപ്പുറം നഗരസഭയുടെയും വിവിധ വകുപ്പുകളുടെയും സിവിൽ ഡിഫെൻസ് അടക്കമുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ബുധനാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെ റോഡ് പൂർണതോതിൽ ഗതാഗത യോഗ്യമാക്കിയത്.  വ്യാഴാഴ്ച രാവിലെ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നടക്കുന്ന അവലോകന യോഗത്തിൽ റോഡ് ഗതാഗതത്തിനായി തുറന്നു നൽകുന്നവിഷയത്തിൽ തീരുമാനമെടുക്കും.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *