പത്മശ്രീ ചെറുവയൽ രാമനെ സന്ദർശിച്ച് കൃഷിമന്ത്രി

കൽപ്പറ്റ: പ്രശസ്ത നെൽവിത്ത് സംരക്ഷകനും കർഷകനുമായ പത്മശ്രീ ചെറുവയൽ രാമനെ കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് സന്ദർശിച്ചു. പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷണത്തിനും കാർഷിക പൈതൃകം നിലനിർത്തുന്നതിനുമായി ചെറുവയൽ രാമൻ നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

 

മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെ പ്രതീകമാണ് ചെറുവയൽ രാമനെന്ന് മന്ത്രി പറഞ്ഞു. മണ്ണിൽ നിന്ന് അറിവ് നേടിയ പ്രൊഫസറാണ് രാമേട്ടനെന്നും മന്ത്രി വിശേഷിപ്പിച്ചു. അതിജീവനത്തിനായി പോരാടുന്ന കർഷകരുടെ മുഖമായ രാമേട്ടന്റെ കൈകളിൽ തന്നെ ആദ്യമായി ശ്രീ ഉമ്മൻചാണ്ടി സ്മാരക അവാർഡ് എത്തുമ്പോൾ ഏറെ അഭിമാനകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

 

കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ ശ്രീ ഉമ്മൻചാണ്ടി സ്മാരക അവാർഡിന് ചെറുവയൽ രാമൻ അർഹനായതിൽ മന്ത്രി സന്തോഷം രേഖപ്പെടുത്തി. കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് ചെറുവയൽ രാമന്റെ പ്രവർത്തനങ്ങൾ വലിയ മുതൽക്കൂട്ടാണെന്നും മന്ത്രി പറഞ്ഞു.

 

സന്ദർശനത്തിനിടെ മന്ത്രി ചെറുവയൽ രാമനെ പൊന്നാട അണിയിച്ച് ആദരിച്ചു. വരാനിരിക്കുന്ന കർഷകദിനാഘോഷത്തിലേക്ക് കുടുംബസമേതം പങ്കെടുക്കാൻ അദ്ദേഹത്തെ മന്ത്രി ക്ഷണിച്ചു. പാരമ്പര്യ നെൽവിത്തുകളും കൃഷിരീതികളും സംരക്ഷിക്കുന്നതിലൂടെ കേരളത്തിന്റെ കാർഷിക പൈതൃകം വരുംതലമുറകളിലേക്ക് കൈമാറുന്നതിൽ ചെറുവയൽ രാമൻ നൽകുന്ന സംഭാവനകൾ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.

 

അവാർഡിന് അർഹനായതിൽ ഏറെ സന്തോഷമുണ്ടെന്നും കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഈ പുരസ്കാരത്തെ കാണുന്നുവെന്നും ചെറുവയൽ രാമൻ പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!