വാഴവറ്റ: വാഴവറ്റയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് വനപാലകർ തെരച്ചിലും നിരീക്ഷണവും ഊർജിതമാക്കി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന ഏഴാഞ്ചിറ ഭാഗത്താണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്.
സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് പ്രദേശവാസികൾ കാൽപ്പാടുകൾ ആദ്യം ശ്രദ്ധിച്ചത്. വിവരമറിയിച്ചതിനെ തുടർന്ന് മേപ്പാടി റേഞ്ചിൽ നിന്നുള്ള വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുകയും കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.
മുൻപ് വന്യജീവി ശല്യം കാര്യമായി റിപ്പോർട്ട് ചെയ്യാത്ത പ്രദേശത്താണ് ഇപ്പോൾ കടുവയിറങ്ങിയിരിക്കുന്നത്. വലിയ തോട്ടങ്ങൾ നിറഞ്ഞ മേഖലയായതിനാൽ ഇരതേടിയാകാം കടുവ ഇവിടെയെത്തിയതെന്നാണ് കരുതുന്നത്. ജനവാസ കേന്ദ്രത്തിന് സമീപം കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വലിയ ഭീതിയിലാണ് പ്രദേശവാസികൾ. കടുവ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ മേഖലയിൽ വനപാലകർ പട്രോളിംഗും തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്.
